Headlines

ക്രൂരവും മനുഷ്യത്വമില്ലാത്തതും; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി



ന്യൂഡല്‍ഹി:അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍ മനസ്സിലേക്ക് വരുന്നത്. അദ്ദേഹം എങ്ങനെയാണ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നത്?’ എന്നാണ് ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ചോദിച്ചത്. ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ്, കഴിഞ്ഞ ഏപ്രില്‍ 10-ന് കോളജിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. മരണത്തിന് മുന്‍പ് നിതിന് കോളജിലെ അധ്യാപകരില്‍ നിന്ന് ജാതി അധിക്ഷേപവും പീഡനവും നേരിടേണ്ടി വന്നിരുന്നതായി ആരോപണമുണ്ട്. ഡെന്റല്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് മേധാവിയായ ഡോ. രാം ആണ് കേസിലെ പ്രധാന പ്രതി. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോ. രാം ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തിരുന്നു.

ഡോ. റാമും മറ്റൊരു പ്രതിയായ ഫാക്കല്‍റ്റി അംഗം ഡോ. സംഗീത നമ്പ്യാരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. ഏപ്രില്‍ 25-ന് സെഷന്‍സ് കോടതി ഡോ. സംഗീതയ്ക്ക് ജാമ്യം അനുവദിച്ചെങ്കിലും ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തുടര്‍ന്ന് ഡോ. റാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജൂണ്‍ 19-ന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.
പ്രതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു, പ്രൊഫസറും മരണപ്പെട്ട വിദ്യാര്‍ത്ഥിയും തമ്മില്‍ ഉണ്ടായതായി പറയുന്ന സംഭവവും ആത്മഹത്യയും തമ്മില്‍ ഒരു മാസത്തെ ഇടവേളയുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും കോടതി ചില ചോദ്യങ്ങള്‍ തിരികെ ഉന്നയിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. ‘തന്റെ പ്രവൃത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാകണം. ക്ലാസ് മുറിയില്‍ വെച്ച് ഒരു വിദ്യാര്‍ത്ഥി ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ അത് ആ കുട്ടിയെ എങ്ങനെ ബാധിക്കും?’ കോടതി ചോദിച്ചു. എന്നാല്‍ അത് ഒരുമാസം മുമ്പ് നടന്ന സംഭവമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ മറുപടി നല്‍കി. എന്നാല്‍ ആ സംഭവം ആത്മഹത്യയിലേയ്ക്ക് എത്തിച്ചുവെന്നും ബെഞ്ച് തിരിച്ച് പറഞ്ഞു. ‘ഇത്തരത്തില്‍ പെരുമാറിയ ഒരു അധ്യാപകന് അങ്ങനെ എളുപ്പത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. സമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നല്‍കേണ്ടതുണ്ട്,’ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ പ്രൊഫസര്‍ തന്റെ തെറ്റ് മനസ്സിലാക്കി പാഠം പഠിച്ചു കഴിഞ്ഞു എന്നാണ് ഇതിന് മറുപടിയായി പ്രതിഭാഗം പറഞ്ഞത്. പാഠം പഠിച്ചു എന്ന ചോദ്യമേ ഉദിക്കുന്നില്ല. അദ്ദേഹം വിദ്യാര്‍ത്ഥിയോട് പറഞ്ഞ ആ വാക്കുകള്‍ കോടതിയില്‍ ഉറക്കെ വായിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല, പ്രൊഫസര്‍ വിദ്യാര്‍ത്ഥിക്കെതിരെ ഉപയോഗിച്ച മോശം വാക്കുകളെ പരാമര്‍ശിച്ച് ബെഞ്ച് പറഞ്ഞു. ‘മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ചിലപ്പോള്‍ ശരിയായ അര്‍ത്ഥം കിട്ടിക്കൊള്ളണമെന്നില്ലെന്ന്് പ്രതിഭാഗം അഭിഭാഷകന്‍ ദാമ ശേഷാദ്രി നായിഡു ഇതിന് മറുപടി നല്‍കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: