Headlines

മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രണ്ട് മക്കളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മേരി നിരോഷ (14), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ രണ്ടുപേരും സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളാണ്


കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള കടുത്ത മാനസിക വിഷമമാണ് ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൈക്കിളിന്റെ ഭാര്യ ആറുമാസം മുൻപ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനുപിന്നാലെ കടുത്ത വിഷാദത്തിലായ മൈക്കിൾ ജോലിക്ക് പോകാതെ പെയിന്റിംഗ് ജോലികൾ ചെയ്താണ് കഴിഞ്ഞിരുന്നത്.

വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം ഉറങ്ങാൻ കിടത്തിയ മൈക്കിൾ, തുടർന്ന് ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ ഘടിപ്പിച്ച് പവർ സോഴ്‌സുമായി ബന്ധിപ്പിച്ച് ഷോക്കടിപ്പിക്കുകയായിരുന്നു. മക്കൾ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഇതേ വയർ ഉപയോഗിച്ച് മൈക്കിളും ജീവനൊടുക്കി.

ശനിയാഴ്ച ഉച്ചയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന്, സംഭവസമയം വീടിന് പുറത്തുണ്ടായിരുന്ന മൈക്കിളിന്റെ 75-കാരനായ പിതാവ് ആന്റണി മുത്തു അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പുതുകോട്ടൈ പോലീസ് എത്തി വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് മൂവരുടെയും മൃതദേഹങ്ങൾ കട്ടിലിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുതുകോട്ടൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: