പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ നിർത്തിയിട്ടിരുന്ന ബസ് മോഷ്ടാവ് ഓടിച്ചുകടത്തി.ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സിനിമാ സ്റ്റൈല്‍ സംഭവം നടന്നത്. ഡിപ്പോയില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് ബസ് സ്റ്റാർട്ട് ചെയ്ത് എടുത്തുകൊണ്ട് പോവുകയായിരുന്നു. ബസ് പുറത്തേക്ക് പോകുന്നത് കണ്ട് സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ മറ്റൊരു വാഹനത്തില്‍ പിന്തുടർന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ മോഷ്ടാവ് പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപം ബസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
ഡിപ്പോയില്‍ നിന്നും ഒരു കിലോമീറ്റർ ഓളം നഗരത്തിലൂടെ ഓടിച്ച ശേഷമാണ് മോഷ്ടാവിന്റെ രക്ഷപ്പെടല്‍. ഇതിനിടെ ബസ് പലയിടത്തും ഇടിച്ചു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ ഇതുരവെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആർക്കും എടുത്ത് കൊണ്ടുപോകാൻ പറ്റുന്ന തരത്തിലാണോ ബസ് ഡിപ്പോയില്‍ നിർത്തിയിട്ടതെന്ന് വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.


