നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി




കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ആണ് ഹരജി കേൾക്കുന്നതിൽ നിന്നും അപ്രതീക്ഷിതമായി പിന്മാറിയത്.

ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹൈക്കോടതി ഡിസ്ട്രിക്ട് ജുഡീഷ്യറി രജിസ്ട്രാർ ആയിരുന്ന സമയത്ത്, അതിജീവിതയുടെ മുൻ അഭിഭാഷകൻ ഇതേ വിഷയത്തിൽ ഭരണപരമായ തലത്തിൽ പരാതി നൽകിയിരുന്നു. അന്ന് ഈ പരാതിയുമായി ബന്ധപ്പെട്ട സമിതിയുടെ ഭാഗമായിരുന്ന താൻ തന്നെ ഇപ്പോൾ വീണ്ടും ഈ കേസ് പരിഗണിക്കുന്നത് ശരിയല്ലെന്ന ധാർമിക വശം മുൻനിർത്തിയാണ് ജഡ്ജിയുടെ പിന്മാറ്റം.

രാവിലെ ഹരജി പരിഗണനയ്ക്ക് എടുത്തപ്പോൾ, വിഷയത്തിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഉച്ചയ്ക്ക് മുൻപ് തന്നെ ഇതിനായി കേസ് പരിഗണിക്കുമെന്നും അറിയിച്ചു. ഇതിനിടെയാണ്, ഹൈക്കോടതിയുടെ ഭരണപരമായ സമിതിക്ക് മുന്നിൽ ഈ വിഷയത്തിൽ നേരത്തെ പരാതി ഉന്നയിച്ചിരുന്നോ എന്ന് ജഡ്ജി ചോദിച്ചത്. അതിജീവിതയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഇക്കാര്യം സ്ഥിരീകരിച്ചു. പരാതി നൽകിയിരുന്നെങ്കിലും അന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന് അവർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നിന്നും പിന്മാറുന്നതായി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കിയത്.

ജഡ്ജി പിന്മാറിയ സാഹചര്യത്തിൽ ഈ ഹരജി ഇനി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടും. തുടർന്ന് ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിനായി മറ്റൊരു സിംഗിൾ ബെഞ്ചിനെ ചുമതലപ്പെടുത്തുമെന്നാണ് നിലവിലെ വിവരം. അതേസമയം, കേസുമായി ബന്ധപ്പെട്ട തുടർനടപടികളെക്കുറിച്ച് ഡിവിഷൻ ബെഞ്ചും നിർണായകമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മെമ്മറി കാർഡ് പരിശോധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് ശേഷം എന്ത് നടപടിയുണ്ടായി എന്ന് ഡിവിഷൻq ബെഞ്ച് ചോദിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: