ദിബ്രുഗഡ്: അസമിൽ പ്രഭാത നടത്തത്തിനിടെ 18കാരിയെ തട്ടിക്കൊണ്ടുപോയി. അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ അജ്ഞാത സംഘം ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുശേഷം ടിൻസുകിയ റെയിൽവേ സ്റ്റേഷനിൽ ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തി.
ദിബ്രുഗഡിലെ ശാന്തിപ്പാറ പ്രദേശത്തെ പിഎൻ റോഡിന് സമീപം പതിവുപോലെ പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോഴാണ് സംഭവം. സംഘമെത്തി പെൺകുട്ടിയെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ കുടുംബാംഗങ്ങൾ ഉടൻ പൊലീസിൽ പരാതി നൽകി.
അതേസമയം, ടിൻസുകിയ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ചാക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരൻ അധികൃതരെ വിവരം അറിയിച്ചു. പരിശോധന നടത്തിയപ്പോൾ ചാക്കിനുള്ളിൽ പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താൻ ദിബ്രുഗഡ് പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണ്


