കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ മധ്യവയസ്കൻ കൊല്ലപ്പെട്ടു. പുളിമൂട് ഉന്നതിയിൽ വെള്ളാഞ്ചേരി സ്വദേശി രാജുവാണ് (50) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിൽ പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി ഉച്ചക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന് ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ആനയെ തുരത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമമാണ് നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
സാധാരണ രാത്രിയിലാണ് ആന കാടിറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ പകലിലും ജനവാസ മേഖലയിൽ ഇറങ്ങുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും വരാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട്ടിലെ തന്നെ മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇടുക്കി സൂര്യനെല്ലിയിലും കാട്ടാനയുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമായി. മകനെ സ്കൂളിൽ കൊണ്ടുവിടാൻ പോയ സിങ്കകണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്. ഈ പ്രദേശം ഉൾപ്പെടുന്ന ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്


