കോഴിക്കോട് : പൊതുസമൂഹത്തെയും സൈബർ ലോകത്തെയും ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. സംസ്ഥാന സൈബർ ഓപറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പോക്സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിൻ്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. തൊപ്പിയും കൂട്ടാളികളും ചേർന്ന് തൻ്റെ കുടുംബത്തെയും സ്ത്രീകളെയും മോശമായി ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കാനും ശ്രമിച്ചുവെന്ന കടുത്ത ആരോപണവുമായി പ്രമുഖ ഗായകൻ ഹനാൻ ഷായും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു
അതേസമയം, വരുംതലമുറയുടെ ഭാവിതകർക്കുന്ന ഈ ക്രിമിനലുകൾക്കെതിരെ മാതൃകാപരമായ നിയമനടപടികൾ ഉണ്ടായേ തീരൂവെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു. അന്വേഷണ ഉത്തരവിനോടുള്ള പ്രതികരണമായാണ് അദ്ദേഹത്തിൻ്റെ കുറിപ്പ്.
ഇത്രയും പരസ്യമായി അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും ക്രിമിനൽ കുറ്റങ്ങളും വിളിച്ചുപറഞ്ഞിട്ടും എന്തുകൊണ്ടാണ് സൈബർ പൊലീസും അധികാരികളും ഇവർക്കെതിരെ കർശനമായ നടപടിയെടുത്ത് ജയിലിലടക്കാൻ മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.


