Headlines

കാന്‍സര്‍ മരുന്നുകള്‍ക്ക് 50 ശതമാനം വരെ വിലവര്‍ധന





ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന രണ്ടു പ്രധാന കാന്‍സര്‍ ചികില്‍സാ മരുന്നുകളുടെ വില 50 ശതമാനം വരെ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്ലാറ്റിനം അധിഷ്ഠിത കീമോതെറാപ്പി മരുന്നുകളായ സിസ്പ്ലാറ്റിന്‍, കാര്‍ബോപ്ലാറ്റിന്‍ എന്നിവയുടെ പരമാവധി വിലയാണ് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം സിസ്പ്ലാറ്റിന്റെ വില യൂണിറ്റിന് 7.26 രൂപയില്‍ നിന്ന് 10.89 രൂപയായും കാര്‍ബോപ്ലാറ്റിന്റെ വില 60.49 രൂപയില്‍ നിന്ന് 90.74 രൂപയായും ഉയര്‍ന്നു. അണ്ഡാശയം, ശ്വാസകോശം, മൂത്രാശയം എന്നിവയുള്‍പ്പെടെയുള്ള വിവിധ തരം കാന്‍സറുകളുടെ ചികില്‍സയില്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണിവ. അസംസ്‌കൃത വസ്തുവായ പ്ലാറ്റിനത്തിന്റെ ആഗോള വില കുത്തനെ ഉയര്‍ന്നതും വിതരണ ശൃംഖലയില്‍ പ്രതിസന്ധി രൂപപ്പെട്ടതുമാണ് വിലവര്‍ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്ലാറ്റിനത്തിന്റെ പ്രധാന ഉത്പാദന കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങളും അന്താരാഷ്ട്ര സംഘര്‍ഷ സാഹചര്യങ്ങളും ലഭ്യതയെ ബാധിച്ചതായാണ് അധികൃതരുടെ വിശദീകരണം. വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും കാരണം സിപ്ല, ഇന്റാസ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെ ചില നിര്‍മാതാക്കള്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതോടെ വിവിധ ആശുപത്രികളില്‍ മരുന്ന് ലഭ്യതയും ബാധിക്കപ്പെട്ടു. കാന്‍സര്‍ ചികില്‍സയുടെ ചെലവ് ഇതിനകം തന്നെ സാധാരണ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പുതിയ വിലവര്‍ധന രോഗികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളെയും ആശ്രയിക്കുന്നവര്‍ക്കും ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെടുമെന്നാണ് ആരോഗ്യരംഗത്തെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) മരുന്നുകളുടെ ഉത്പാദനം പുനരാരംഭിക്കാനും ലഭ്യത ഉറപ്പാക്കാനുമാണ് ഈ പ്രത്യേക അനുമതി നല്‍കിയതെന്ന് വ്യക്തമാക്കി. രോഗികളുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള താല്‍ക്കാലിക നടപടിയാണിതെന്നും മരുന്ന് ക്ഷാമം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അതോറിറ്റി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: