ന്യൂഡല്‍ഹി:രാജ്യത്തിന്റെ വാഹന മേഖലയിലും ഊർജ്ജ രംഗത്തും പുത്തൻ മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ.100 ശതമാനം എഥനോള്‍ നിയമപരമായ വാഹന ഇന്ധനമായി ഉപയോഗിക്കാൻ അനുമതി നല്‍കുന്ന ഉത്തരവില്‍ കേന്ദ്ര ഉപരിതല ഗതാഗത – ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഒപ്പ് വെച്ചു.ഔദ്യോഗിക രേഖകളില്‍ ഒപ്പ് വെച്ചതായും ഇതോടെ രാജ്യത്തെ ഗതാഗത ശൃംഖലയിലുടനീളം ശുദ്ധമായ ജൈവ ഇന്ധനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും നിയമപരമായ വഴിതെളിഞ്ഞതായി നിതിൻ ഗഡ്കരി അറിയിച്ചു.’E100′ എന്ന് വാണിജ്യപരമായി അറിയപ്പെടുന്ന എഥനോളിന് അനുമതി നല്‍കിയ നടപടി വഴി വൻതുക ചിലവഴിച്ചുള്ള വിദേശ അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.പൂർണ്ണമായും സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളില്‍ ഓടിക്കാനാകുന്ന ഫ്ലെക്സി – ഫ്യൂവല്‍ വാഹനങ്ങളുടെയും (എഫ്‌എഫ്‌വിഎസ്) പ്രത്യേക എഞ്ചിനുകളുടെയും ആഭ്യന്തര ഉത്പാദനം വേഗത്തിലാക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കള്‍ക്ക് ഈ നടപടി പ്രേരണയാകുമെന്നാണ് സർക്കാർ കരുതുന്നത്.മാത്രമല്ല ഈ നയം ഇന്ത്യയിലെ വൻകിട കാർഷിക മേഖലയ്‌ക്ക് പ്രത്യേകിച്ച് കരിമ്പ് കർഷകർക്കും ധാന്യ ഉത്പാദകർക്കും വലിയ സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നു.അതായത് അധികമായി ഉത്പാദിപ്പിക്കുന്ന കരിമ്പ്, ചോളം,കേടുവന്ന ഭക്ഷ്യധാന്യങ്ങള്‍ എന്നിവ രണ്ടാം തലമുറ എഥനോള്‍ ഉത്പാദിപ്പിക്കുന്നതിനായി ബയോ – റിഫൈനറികളിലേക്ക് മാറ്റാൻ കഴിയും.ഇതുവഴി രാജ്യത്തിന്റെ ഇറക്കുമതി ചെലവ് പതിനായിരക്കണക്കിന് കോടി രൂപയായി കുറയ്‌ക്കുമെന്നാണ് വിലയിരുത്തല്‍.നിയമപരമായ തടസങ്ങള്‍ നീങ്ങിയതോടെ പെട്രോളിയം – പ്രകൃതി വാതക മന്ത്രാലയവും പൊതുമേഖലാ എണ്ണ വിപണന കമ്പനികളും ചേർന്ന് പ്രധാന നഗരങ്ങളിലും കാർഷിക കേന്ദ്രങ്ങളിലും E100 വിതരണ കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി സ്ഥാപിക്കാൻ തുടങ്ങുമെന്നാണ് സൂചന.എന്നാല്‍ ശുദ്ധമായ എഥനോളിന് ഈർപ്പം വലിച്ചെടുക്കാനുള്ള ഉയർന്ന ശേഷിയും തുരുമ്പെടുക്കാനുള്ള സാധ്യതയുമുള്ളതിനാല്‍ സംഭരണ ടാങ്കുകളിലും ഭൂഗർഭ പൈപ്പ് ലൈനുകളിലും പ്രത്യേക പുനഃക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഇനി 100 ശതമാനം എഥനോള്‍ ഇന്ധനം ; ഉത്തരവില്‍ ഒപ്പ് വെച്ച് നിതിൻ ഗഡ്കരി

