എഐഎസ്എഫ് – എഐവൈഎഫ് മാർച്ച്: പൊലീസ് പ്രയോഗിച്ചത് ചെളിവെള്ളമെന്ന് പ്രതിപക്ഷം; ലാബിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി


തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ എഐവൈഎഫും എഐഎസ്എഫും നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെ പൊലീസ് പ്രയോഗിച്ച ജലപീരങ്കിയില്‍ നിറച്ചിരുന്നത് ചെളിവെള്ളമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കെ രാജനുമാണ് വിഷയം ഉന്നയിച്ചത്. നിയമസഭാ മാര്‍ച്ചില്‍ എഐവൈഎഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം കെ രാജനും ഉണ്ടായിരുന്നു. ചെളിവെള്ളം പ്രയോഗിച്ച സമയത്ത് തന്നെ കെ രാജന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം വിഷയം നിയമസഭയിലും ഉന്നയിച്ചത്.

ഇന്ന് രാവിലെയായിരുന്നു നിയമസഭയിലേക്ക് കെ രാജന്റെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയായിരുന്നു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ശുദ്ധ തെമ്മാടിത്തരമാണ് പൊലീസ് കാണിച്ചതെന്ന് കെ രാജന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും തങ്ങള്‍ അക്രമാസക്തരാകാതെ പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. ചെളിവെള്ളമാണ് തങ്ങള്‍ക്ക് നേരെ അടിച്ചത്. ക്രിമിനലുകളോട് പോലും ചെയ്യാന്‍ പാടില്ലാത്ത ആക്രമണമാണ് നടത്തിയത്. ഏകപക്ഷീയമായി ജലപീരങ്കി പ്രയോഗിച്ച നടപടി ചെറുതായി കാണുന്നില്ല. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നും കെ രാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ് വിഷയം നിയമസഭയില്‍ ചര്‍ച്ചയായി വന്നത്. സംഭവ സ്ഥലത്തുനിന്ന് ശേഖരിച്ച വെള്ളവുമായായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ എത്തിയത്. ജലപീരങ്കി സാധാരണയായി ഉപയോഗിക്കാറുണ്ടെന്നും എന്നാല്‍ പകര്‍ച്ചാവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം കൂടി നിലനില്‍ക്കുമ്പോള്‍ ചെളിവെള്ളമാണ് പൊലീസ് ഉപയോഗിച്ചത് എന്നത് ഗൗരവമുള്ള കാര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെളിവെള്ളം നിറച്ച കുപ്പി ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഏതെങ്കിലും തോട്ടില്‍ നിന്ന് എടുത്ത വെള്ളമായിരിക്കുമിതെന്നും പിണറായി വിജയന്‍ പറഞ്ഞു. രാവിലെ പകര്‍ച്ചാവ്യാധി അടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു നിയമസഭയില്‍ ചര്‍ച്ച ചെയ്തത്. അമീബിക് മസ്തിഷ്‌ക ജ്വരം വരെ ഉണ്ടാക്കാന്‍ സാധ്യതയുള്ള വെള്ളമാണിത്. അത്തരത്തിലൊരു വെള്ളം ഉപയോഗിക്കേണ്ട സാഹചര്യമെന്താണെന്നും പിണറായി വിജയന്‍ ചോദിച്ചു.

വെള്ളം ലാബില്‍ കൊടുത്ത് പരിശോധിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് സാധാരണയായി ടാങ്കറില്‍ നിറയ്ക്കുന്നത്. പഴയ കാലത്ത് ടാങ്കറില്‍ ഉണ്ടായിരുന്ന അഴുക്കാണോ എന്ന് അറിയില്ല. വെള്ളം കണ്ടാമിനേറ്റഡ് ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണ്. ചെളിവെള്ളം പ്രയോഗിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പിന്നാലെയായിരുന്നു കെ രാജന്റെ പ്രതികരണം. ജലപീരങ്കിയോ ടിയര്‍ ഗ്യാസോ സ്‌മോക്ക് ബോംബോ പ്രയോഗിക്കാം. വെടിവെയ്ക്കുകയുമാകാം. എന്നാല്‍ അങ്ങനെയൊന്നും പേടിക്കുന്നവരല്ല തങ്ങള്‍. പക്ഷേ ആ രീതിയില്‍ കലക്ക വെള്ളം അടിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്നു. അവരുടെ വസ്ത്രത്തിന്റെ നിറം പോലും മാറി. എന്ത് പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനം ആണ് നടക്കുന്നതെന്നും കെ രാജന്‍ ചോദിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: