Headlines

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന്റെ തെളിവായി അംഗീകരിക്കണം; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂർ





ന്യൂഡൽഹി: ഇന്ത്യൻ പാസ്‌പോർട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. പാസ്‌പോർട്ടും ആധാർ കാർഡും ഇന്ത്യൻ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.

പാസ്‌പോർട്ട് സേവാ ദിവസത്തിൽ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തർക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. 1967ലെ പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 20 പ്രകാരം അപൂർവ്വ സാഹചര്യങ്ങളിൽ പൗരന്മാരല്ലാത്തവർക്കും പാസ്‌പോർട്ട് നൽകാം എന്ന വാദം സർക്കാർ ഉയർത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാർക്ക് ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്‌പോർട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധമായ ഒരു നിയമപരമായ വൈരുദ്ധ്യമാണെന്ന് തരൂർ കുറ്റപ്പെടുത്തി.

ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂർ ഓർമ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകൾ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യൻ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിവാദത്തിന് അറുതി വരുത്താൻ സർക്കാർ അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. പാസ്‌പോർട്ടും ആധാർ കാർഡും പൗരത്വത്തിന്റെ അന്തിമ തെളിവുകളായി നിയമഭേദഗതിയിലൂടെ അംഗീകരിക്കണം. പൗരന്മാരല്ലാത്തവർക്ക് താമസിക്കാൻ നിലവിൽ ആധാർ നൽകുന്നുണ്ടെങ്കിൽ, അവർക്കായി വെവ്വേറെ തിരിച്ചറിയാൻ കഴിയുന്ന രീതിയിലുള്ള ആധാർ കാർഡുകൾ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കണം. അങ്ങനെയെങ്കിൽ സാധാരണ ആധാർ കാർഡ് കൈവശമുള്ളവർക്ക് അത് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാമെന്നും തരൂർ നിർദേശിച്ചു. പാസ്‌പോർട്ടോ ആധാർ കാർഡോ കൈവശമുള്ളവർക്ക് അത് പൗരത്വത്തിന്റെ ഔദ്യോഗിക തെളിവായി സ്വീകരിക്കുന്നത് തിരിച്ചറിയൽ രേഖകളുടെ പരിശോധന ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: