പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗാളിലെ ബറൂയിപ്പുരിലാണ് സംഭവം. പ്രതി പ്രഭാസ് മൊണ്ടാല്‍ ആണ് ബുധനാഴ്ച അര്‍ധരാത്രി കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റത്
കുറ്റകൃത്യം നടന്ന രീതി കാണിച്ചു കൊടുക്കുന്നതിനാണ്, പ്രതിയെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരിലേക്ക് കൊണ്ടുപോയത്. അര്‍ധരാത്രി 12:45 ഓടെയാണ് അന്വേഷണ സംഘം പ്രഭാസ് മൊണ്ടാലിനെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ഇയാള്‍ ഒരു പോലീസുകാരന്റെ കൈയില്‍ നിന്ന് തോക്ക് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന് നേരെ വെടിയുതിര്‍ക്കുകയും അവിടെ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു.
പോലീസിന്റെ തിരിച്ചുള്ള വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ പ്രതിയെ ഉടന്‍ തന്നെ ബറൂയിപ്പുര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.


