ന്യൂഡൽഹി : സൽവാർ ഊരിമാറ്റാൻ ശ്രമിക്കുന്നതും പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന പട്ന ഹൈക്കോടതി വിധിക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി.
ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നതിന് മുൻപ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമഗ്രമായ ഗവേഷണത്തിന്റെ അഭാവം ആശങ്കപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളിലെ ജുഡീഷ്യല്‍ സമീപനങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സ്വമേധയാ ഉള്ള കേസിന്റെ വാദത്തിനിടെയാണ് പട്ന ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം ഉയർന്നുവന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും കല്‍വെർട്ടിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്വമേധയാ നടപടി ആരംഭിച്ചിരുന്നു. ഈ കേസിന്റെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷക ശോഭ ഗുപ്ത, പട്ന ഹൈക്കോടതിയുടെ സമീപകാല വിധിയിലേക്ക് ബെഞ്ചിന്റെ ശ്രദ്ധ ക്ഷണിച്ചത്.
പട്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട്, കൂടുതല്‍ ജുഡീഷ്യല്‍ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് സംസാരിച്ചു. ഇത്തരം നിർണായക കേസുകളില്‍ വിധി പ്രസ്താവിക്കുന്നതിന് മുൻപ് ആവശ്യമായ ഗവേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, കോടതിയിലെ ഗവേഷണ ജീവനക്കാർ ഒന്നും ചെയ്യുന്നില്ലെന്ന കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. പട്ന ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
ലൈംഗിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട ജുഡീഷ്യല്‍ സെൻസിറ്റിവിറ്റിയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങള്‍ അടങ്ങിയ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ വിദഗ്ദ്ധ സമിതി റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചു. രാജ്യത്തെ എല്ലാ കോടതികളും ഈ കൈപ്പുസ്തകത്തിലെ പദപ്രയോഗങ്ങളും പദാവലികളും കർശനമായി പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ, എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോഴും കുറ്റപത്രം സമർപ്പിക്കുമ്പോഴും ഈ മാനദണ്ഡങ്ങള്‍ പാലിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിർദ്ദേശം നല്കാൻ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
*വിവാദത്തിന് കാരണമായ പട്ന ഹൈക്കോടതി വിധി*
2008-ല്‍ ബീഹാറില്‍ നടന്ന ഒരു കേസിലാണ് പട്ന ഹൈക്കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ കേസ് പ്രകാരം, ബീഹാറിലെ അമർപൂരിലുള്ള ഫോട്ടോഗ്രാഫി സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാനെത്തിയ പെണ്‍കുട്ടിയെ സ്റ്റുഡിയോ ഉടമ വാതിലടച്ച് പൂട്ടി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് പുറത്തുനിന്ന പിതാവ് ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
തുടർന്ന് വിചാരണ കോടതി പ്രതിയെ ബലാത്സംഗ ശ്രമത്തിനും അന്യായമായി തടങ്കലില്‍ വച്ചതിനും ശിക്ഷിച്ചെങ്കിലും, ഹൈക്കോടതി ഈ ശിക്ഷ റദ്ദാക്കുകയാണുണ്ടായത്. കേസില്‍ മെഡിക്കല്‍ തെളിവുകളോ നുഴഞ്ഞുകയറ്റത്തിന്റെ അടയാളങ്ങളോ ഇല്ലെന്നും അതുകൊണ്ട് ബലാത്സംഗശ്രമം (ഐപിസി സെക്ഷൻ 375, 376, 511 വകുപ്പുകള്‍) ബാധകമല്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ വിചിത്രമായ കണ്ടെത്തല്‍.
പ്രതിയുടെ പ്രവൃത്തികളെ വെറും ലൈംഗികാതിക്രമമായി (ഐപിസി സെക്ഷൻ 354 – ഒരു സ്ത്രീയുടെ മാന്യതയെ തകർക്കല്‍) മാത്രമേ കാണാൻ സാധിക്കൂ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിയുടെ സല്‍വാർ ഊരാൻ ശ്രമിക്കുകയും നെഞ്ചില്‍ സ്പർശിച്ചതും സ്ത്രീയുടെ മാന്യതയെ തകർക്കാനുള്ള ‘ക്രിമിനല്‍ ബലപ്രയോഗം’ മാത്രമാണെന്ന ഹൈക്കോടതി നിരീക്ഷണമാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ കടുത്ത വിമർശനത്തിന് ഇരയായിരിക്കുന്നത്.


