ന്യൂഡല്‍ഹി: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി ചെയ്ത സ്വത്തുക്കള്‍ വായ്പയെടുത്തയാള്‍ക്കോ അതുമായി ബന്ധപ്പെട്ട കക്ഷികള്‍ക്കോ തിരിച്ചുവില്‍ക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇത്തരം സ്വത്തുക്കള്‍ പരസ്യ ലേലത്തിലൂടെ മാത്രമേ ബാങ്കുകള്‍ വിറ്റഴിക്കാവൂ എന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് മുന്‍ഗണന നല്കി ജപ്തി ചെയ്ത സ്വത്ത് തിരിച്ചുനല്‍കുന്നത് വായ്പാ അച്ചടക്കത്തെ ദുര്‍ബലപ്പെടുത്തുകയും വിപണിയില്‍ തെറ്റായ പ്രവണതകള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. സാധാരണ സാഹചര്യങ്ങളില്‍ ബാങ്കുകള്‍ വായ്പയ്ക്ക് പകരമായി ധനേതര ആസ്തികള്‍ കൈവശം വെക്കാന്‍ പാടില്ല. എന്നാല്‍ വായ്പ നിഷ്ക്രിയ ആസ്തിയായി (എന്‍പിഎ) മാറുകയും നിയമപരമായോ കരാര്പരമായോ നടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍, ഈടായി നല്കിയ സ്വത്തിന്റെ ഉടമസ്ഥാവകാശം ബാങ്കുകള്‍ക്ക് ഏറ്റെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ജപ്തി ചെയ്ത സ്വത്ത് പരമാവധി ഏഴു വര്‍ഷത്തിനുള്ളില്‍ വിറ്റഴിക്കണമെന്നും, അതിനായി പരസ്യ ലേലം ഉള്‍പ്പെടെയുള്ള സുതാര്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കരട് മാര്‍ഗനിര്‍ദേശം ആര്‍ബിഐ ഈ വര്‍ഷം മെയ് മാസത്തില്‍ പൊതുജനങ്ങളുടെയും മറ്റു പങ്കാളികളുടെയും അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരുന്നു. ജപ്തി ചെയ്ത സ്വത്ത് വായ്പയെടുത്തവര്‍ക്ക് തന്നെ തിരിച്ചുവാങ്ങാന്‍ അവസരം നല്‍കണമെന്ന നിര്‍ദേശം ചിലര്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും, അത് വായ്പാ അച്ചടക്കത്തെ ബാധിക്കുമെന്ന കാരണത്താല്‍ ആര്‍ബിഐ നിരസിച്ചു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2026 ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.


