നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്തു. കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ഒരു രാജിക്കത്ത് പോലും എഴുതാൻ അറിയാമോ എന്ന് മഹുവ മൊയ്ത എക്സിൽ പരിഹാസ രൂപേണ കുറിച്ചു.
“ഒരുപക്ഷേ വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എഴുതാൻ അറിയാമായിരിക്കില്ല. മാപ്പുസാക്ഷി ഹരജികൾ എഴുതാൻ മാത്രമാണ് ആർ.എസ്.എസ് പഠിപ്പിച്ചിട്ടുള്ളത്,”എന്ന് പരിഹസിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ കുറിപ്പ്.
ഡൽഹിയിൽ നടന്ന ‘സൻസദ് ചലോ’ മാർച്ചിന് നേരെയുണ്ടായ പൊലിസ് അതിക്രമത്തിനും ലാത്തിച്ചാർജിനും പിന്നാലെ ജന്തർമന്തറിൽ സമരം തുടരുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (CJP) പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മഹുവയുടെ പ്രതികരണം.


