തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബസ് ഉടമകൾ.
കഴിഞ്ഞ ജൂൺ 15നാണ് സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസിന് തുടക്കമായത്. ഇതോടെ സ്വകാര്യ ബസ് മേഖല വലിയ നഷ്ടത്തിലായെന്നാണ് ഉടമകളുടെ ആരോപണം. പ്രശ്നപരിഹാരം തേടി പലതവണ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിഷയം പഠിക്കാൻ കമ്മീഷനുകളെ നിയോഗിച്ചിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നത്.
ആറോളം സംഘടനകളിലായി 6000ത്തിലധികം ബസുകളാണ് നവംബർ മൂന്നുമുതൽ സർവീസ് നിർത്തുന്നത്. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഇതുവരെ 12 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഉടമകളുടെ കണക്ക്. 400 ബസുകൾ സർവീസ് നിർത്തിയെന്നും മൂവായിരത്തോളം ബസുകൾ സർവീസ് ഭാഗികമാക്കിയെന്നും പറയുന്നു. കെഎസ്ആർടിസിക്ക് സമാനമായി സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കാൻ തയ്യാറാണെന്നും അതിനുള്ള തുക സർക്കാർ നൽകണമെന്നുമാണ് മറ്റൊരു ആവശ്യം. അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിൽ സ്വകാര്യ ബസ് സംഘടനയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു. എന്നാൽ ആറോളം സംഘടനകളുടെ നേതൃത്വത്തിൽ 6000ത്തിലധികം ബസുകൾ സർവീസ് നിർത്തുമ്പോൾ യാത്രാക്ലേശം രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാണ്.


