പെട്രോളിൽ എഥനോൾ ചേർക്കുന്നതിനെതിരെ പാർലമെന്റ് മാർച്ചിനൊരുങ്ങി ട്രാൻസ്പോർട്ട് യൂണിയനുകൾ. ഡൽഹി ടാക്സി, ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ്, ടൂർ ഓപ്പറേഷൻ അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ആഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നീറ്റ് ക്രമക്കേടിൽ കോക്രോച്ച് ജനതാപാർട്ടിയും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവെച്ചതിന് പിന്നാലെയാണ് ട്രാൻസ്പോർട്ട് യൂണിയനുകൾ മാർച്ച് പ്രഖ്യാപിച്ചത്.
ഇ20 പെട്രോളിന് പിന്നാലെ വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തനം, ഇന്ധന ക്ഷമത, പരിപാലനച്ചെലവ് എന്നിവ വളരെ കൂടുതലാണെന്നും 2015ന് മുമ്പ് നിർമ്മിച്ച പല വാഹനങ്ങളും ഇ20 പെട്രോളിന് അനുയോജ്യമായ ഡിസൈൻ അല്ലെന്നും സംഘടനാ ഭാരവാഹികൾ ആരോപിച്ചു. വാഹന ഉടമകൾ, ഉപഭോക്താക്കൾ, വാഹന നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്‌ധർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ഇ20 പെട്രോൾ സംബന്ധിച്ച നയങ്ങളുടെ സ്വതന്ത്രവും ശാസ്ത്രീയവുമായ അവലോകനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യവും മുൻനിർത്തിയാവും പാർലമെന്റ് മാർച്ച്.


