സിഎംആൽഎല്ലിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകൾ വെളിവാക്കുന്ന മൊഴി പകർപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരൻ കർത്തയുടെ ഡയറിയിൽ ഉണ്ടായിരുന്ന ചുരുക്കപ്പേരുകൾ വിശദീകരിച്ച് സിഎംആർഎല്ലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകർപ്പാണ് പുറത്തുവന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പടെ പട്ടികയിലുണ്ട്. സിഎംആർഎല്ലിൽ നിന്നും പണം കൈപ്പറ്റിയവരുടെ പട്ടികയിൽ കെ കെ, എ ജി, ഒ സി, പി വി, ഐ കെ, ആർ സി എന്നിങ്ങനെ ചില ചുരുക്കപ്പേരുകൾ ഉണ്ടായിരുന്നു. അത് ആരുടേതാണെന്ന് ഇ ഡിക്ക് മുന്നിൽ വിശദീകരിക്കുകയായിരുന്നു സിഎംആർഎൽ കമ്പനിയിലെ സിഎഫ്‌ഒയായ കെ എസ് സുരേഷ് കുമാർ.
ഐടി ഇന്ററിം സെറ്റിൽമെന്റ്റ് ബോർഡിന് നൽകിയ മൊഴി ഇഡിക്ക് മുന്നിലും സിഎംആർഎൽ സിഎഫ്ഒ ആവർത്തിക്കുകയായിരുന്നു. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാർ ഇഡിക്ക് മൊഴി നൽകിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്ക് കുരുക്കാകുന്ന മൊഴിയാണ് സുരേഷ് കുമാറിന്റേത്. 2024ലാണ് ഇ ഡി സിഎംആർഎലിൻ്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആർ രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.


