നീറ്റ് യുജി (NEET UG) ചോദ്യപേപ്പർ ചോർച്ച കേസിൽ 13 പ്രതികൾക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിബിഐ (CBI) യുടെ ഇക്കണോമിക് ഓഫൻസ് വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പേപ്പർ ചോർച്ച കേസുകൾ കേൾക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്നിലാണ് കുറ്റപത്രം പരിഗണനയ്‌ക്ക് വരിക. കുറ്റപത്രം നാളെ കോടതി പരിഗണിച്ചേക്കും.
ബി എൻ എസ് (BNS) 2023 ലെ 315(5), 318(4), 61(2), 238, 303(2) വകുപ്പുകൾ, അഴിമതി നിരോധന നിയമത്തിലെ (Prevention of Corruption Act) സെക്ഷൻ 13(2), 13(1)(എ) ഒപ്പം പബ്ലിക് എക്സാമിനേഷൻസ് ആക്ട് 2024 ലെ സെക്ഷൻ 10, 3, 4, 5, 11 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസിലെ പ്രതികളായ യാഷ് യാദവ്, മാംഗിലാൽ ബിവൽ, ദിനേഷ് ബിവൽ, വികാസ് ബിവൽ, ശുഭം ഖൈർനാർ, ധനഞ്ജയ് ലോഖണ്ഡെ, പ്രഹ്ലാദ് കുൽക്കർണി, തേജസ് ഹർഷദ് കുമാർ, ഡോ. മനോജ് ശിരൂർ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കർ, മനീഷ വാഗ്മരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാൽദാർ എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് (Judicial Custody). എൻടിഎ (NTA) ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കുന്നതിനായി സിബിഐ കൂടുതൽ അന്വേഷണം തുടരുകയാണ്. കേസിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ 47 എൻടിഎ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
സർക്കാർ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെയ് 12 നാണ് കേസിൽ എഫ് ഐ ആർ (FIR) രജിസ്റ്റർ ചെയ്തത്. മകനായ വികാസ് ബിവലിന് വേണ്ടി നീറ്റ് ചോദ്യപേപ്പർ ലഭിക്കുന്നതിനായി മാംഗിലാൽ ബിവൽ ശുഭം ഖൈർനാറുമായി ബന്ധപ്പെടുകയായിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. മാംഗിലാൽ ബിവലിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പറുകൾ വീണ്ടെടുത്തിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ഇടപാടിലാണ് യാഷ് യാദവിൽ നിന്ന് മാംഗിലാലിന് ചോർന്ന ചോദ്യപേപ്പർ ലഭിച്ചത്.
രാജസ്ഥാനിലെ സിക്കറിലെ കോച്ചിംഗിനിടെയാണ് യാഷ് യാദവുമായി പരിചയത്തിലായതെന്ന് മാംഗിലാലിന്റെ മകൻ വികാസ് ബിവൽ ചോദ്യം ചെയ്യലിൽ പറഞ്ഞു. ശുഭം ആദ്യം ചോദ്യപേപ്പർ യാഷിനും, തുടർന്ന് യാഷ് മാംഗിലാലിനും, വികാസിനും, ദിനേഷ് ബിവലിനും നൽകുകയായിരുന്നു. ചോർന്ന പേപ്പർ മാംഗിലാൽ മറ്റ് ഉദ്യോഗാർത്ഥികൾക്ക് 12 ലക്ഷം രൂപയ്ക്ക് വിറ്റതായും ആരോപിക്കപ്പെടുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജൂൺ 21 ന് നടന്ന നീറ്റ് യുജി പരീക്ഷയിൽ പങ്കെടുക്കാനും ജൂൺ 22 ന് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനും കോടതി പ്രതിയായ യാഷ് യാദവിന് അനുമതി നൽകിയിരുന്നു.


