ബിർഭൂം: പശ്ചിമ ബംഗാള്‍ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബിർഭൂം ജില്ലയിലെ രാംപൂർഹട്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയോട് ചേർന്നുള്ള പാർട്ടി ഓഫീസിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഓഫീസിലെത്തിയ പാർട്ടി പ്രവർത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി രാംപൂർഹട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാംപൂർഹട്ട് മണ്ഡലത്തില്‍ നിന്നും തുടർച്ചയായി അഞ്ച് തവണ തൃണമൂല്‍ ടിക്കറ്റില്‍ നിയമസഭയിലെത്തിയ ആശിഷ് ബാനർജി, മമത ബാനർജി മന്ത്രിസഭയില്‍ കൃഷി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതല്‍ 2026 വരെ സംസ്ഥാന നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർത്ഥിയോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വവും അണികളും കടുത്ത ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ പുരോഗതി വിലയിരുത്തി വരികയാണ്


