കാൺപുർ: വെറും 16 രൂപയ്ക്ക് ഇഷ്ടമുള്ള വസ്ത്രം വാങ്ങാമെന്ന സമൂഹമാധ്യമ പരസ്യം നൽകിയതിനെ തുടർന്ന് കടയിൽ വൻ ജനത്തിരക്ക്. ഉത്തർപ്രദേശിലെ കാൺപുരിലെ ആലാം മാർക്കറ്റിലാണ് സംഭവം. തിരക്ക് നിയന്ത്രിക്കാൻ കട അടച്ചതോടെ സംഘർഷമുണ്ടാകുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഓഗസ്റ്റ് 16ന് അർധരാത്രിക്ക് ശേഷമുള്ള ആദ്യ 16 മിനിറ്റിൽ ഉപഭോക്താക്കൾക്ക് ഏത് വസ്ത്രവും 16 രൂപയ്ക്ക് വാങ്ങാമെന്നായിരുന്നു കടയുടമ റായിസ് ആലത്തിന്റെ പ്രഖ്യാപനം. ഇതോടെ ഓഗസ്റ്റ് 15ന് രാത്രി 11 മണിയോടെ തന്നെ കടയ്ക്കു മുന്നിൽ ആളുകൾ എത്തിത്തുടങ്ങി.
അർധരാത്രിയായതോടെ ജനത്തിരക്ക് ക്രമാതീതമായി വർധിച്ചു. കടയ്ക്കു മുന്നിലും റോഡിലുമായി ആയിരക്കണക്കിന് ആളുകളാണ് 16 രൂപയുടെ വസ്ത്രം വാങ്ങാനായി തടിച്ചുകൂടിയത്. തിരക്ക് നിയന്ത്രിക്കാൻ കട അടച്ചതോടെയാണ് സ്ഥിതിഗതികൾ വഷളായത്.
ജനക്കൂട്ടവും കടയുടമകളുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് ഉന്തും തള്ളിലേക്കും നീങ്ങുകയും ചെയ്തു. തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ കടയുടമകളായ മുഹമ്മദ് ആലം, റായിസ് ആലം, സൽമാൻ ആലം എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സൽമാൻ ആലത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്


