കോഴിക്കോട്: മദ്യപിച്ചെത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെള്ളിപറമ്പ് മാക്കിനിയാട്ട് വീട്ടിൽ ശശിധരൻ (64) ആണ് മരിച്ചത്. സംഭവത്തിൽ മകൻ അഭിറാമിനെ (29) കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. മിക്ക ദിവസങ്ങളിലും മദ്യപിച്ചെത്തുന്ന അഭിറാം പിതാവുമായി വഴക്കിടാറുണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. തിങ്കളാഴ്ചയും ഇതേത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കത്തിനിടെ തടിക്കഷണം ഉപയോഗിച്ച് അഭിറാം ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശശിധരൻ പിന്നീട് മരിച്ചു.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ മറ്റു വിശദാംശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്


