അഭിമാനം പണയം വെക്കില്ല; പോരിനുറച്ച്‌ സിപിഐ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം-സിപിഐ തർക്കം മുറുകുന്നു. വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാനും ആവശ്യമെങ്കില്‍ എല്‍ഡിഎഫ് പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാനുമാണ് സിപിഐയുടെ തീരുമാനം

പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയുടെ ഭാഗമായി തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.

പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയും സിപിഐയില്‍ വിമർശനം ശക്തമാണ്. പിണറായി ശൈലിയുടെ പ്രത്യാഘാതം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. വലിയ പരാജയമുണ്ടായിട്ടും ശൈലിയില്‍ മാറ്റമില്ല.

ഇതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായിയുടെ നിലപാടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ പാർട്ടി സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച്‌ നിർണായക തീരുമാനം നേതൃയോഗം ചേർന്ന് എടുക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരേണ്ടത്

ഓണം, ഡല്‍ഹി സമരം എന്നിവ കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച്‌ യോഗം പത്തിനുമുമ്പ് തന്നെ ചേരാനുള്ള സാധ്യതയും സിപിഐ നേതൃത്വം പരിശോധിക്കുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദവി സിപിഐഎമ്മിനുള്ളതാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: