പുരുഷോത്തംപൂർ ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ നൗഷാദ് അഹമ്മദ് (43) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഗൗരവ് ചൗധരി (32) നജിബാബാദ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങി. കൃത്യത്തിന് ഉപയോഗിച്ച തോക്കും ഇയാള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ആക്രമണം. വഴിയില്‍ കാത്തുനിന്ന പ്രതി, നൗഷാദ് എത്തിയ ഉടൻ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അധ്യാപകൻ പ്രദേശത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതിനാലാണ് കൊലപാതകം നടത്തിയെന്നുമാണ് പ്രതി ഗൗരവ് ചൗധരി പോലീസിന് നല്കിയ മൊഴി.
എന്നാല്‍ സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ഇരുവരും തമ്മില്‍ കടുത്ത തർക്കവും കൈയേറ്റവും നടന്നിരുന്നതായി പോലീസ് വ്യക്തമാക്കുന്നു
പോലീസ് പറയുന്ന വിവരം ഇങ്ങനെ: പ്രതി ഗൗരവിന്റെ കുടുംബത്തിന് പ്രദേശത്തെ ഒരു ദളിത് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ കുടുംബത്തിലെ പെണ്‍കുട്ടി പ്രദേശവാസിയായ ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നു. ഈ വിവരം ഗൗരവ് ഇരു കുടുംബങ്ങളെയും അറിയിക്കുകയും കുടുംബാംഗങ്ങള്‍ ‘പ്രണയജോഡികളെ’ മർദിക്കുകയും ചെയ്തു.
തുടർന്ന് യുവാവ് വിഷയം അധ്യാപകനായ നൗഷാദ് അഹമ്മദിനോട് പറയുകയും, കൊലപാതകം നടക്കുന്നതിന് നാല് ദിവസം മുൻപ് നൗഷാദ് അങ്ങാടിയില്‍ വെച്ച് ഗൗരവിനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്. പ്രതി ഉന്നയിച്ച ‘ലവ് ജിഹാദ്’ ആരോപണം കൊലപാതകത്തിന് മറയാക്കാൻ ഉപയോഗിച്ചതാണോ എന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.


