എക്‌സൈസ് കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം



കൊച്ചി: എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അറസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ആന്റോ അഗസ്റ്റിനെതിരെ മുന്‍പ് അബ്ക്കാരി കേസുകളുണ്ടോ എന്ന ചോദ്യം ഹൈക്കോടതി ആരാഞ്ഞു. ഇല്ല എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതിന് പിന്നാലെ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തേ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. തുടര്‍ന്ന് ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സര്‍ക്കാരിനെതിരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ‘അയാള്‍ക്കെതിരെ ഒരുലക്ഷം കേസ് ഉണ്ടെങ്കിലും ഈ കേസില്‍ പിടിക്കാന്‍ പറ്റുമോ?’ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

ജയില്‍ കിടന്നതിന് ആര് ഉത്തരവാദിയാകുമെന്നും കോടതി ചോദിച്ചു. ഇത് പ്രത്യേകതയുള്ള ഒരു കേസ് അല്ല. വ്യക്തിയുടെ സ്വാതന്ത്ര്യത്തിനാണ് ഹൈക്കോടതിയുടെ മുന്‍ഗണന. സര്‍ക്കാരിന്റെ മറുപടിയില്ലാതെ തന്നെ ഇടക്കാല ജാമ്യം നല്‍കും. വസ്തു കൈമാറ്റം ഗ്രാമപഞ്ചായത്തിന്റെ രേഖകളില്‍ ഉണ്ടാകണമെന്നില്ല. വസ്തുകൈമാറ്റ രേഖയ്ക്കാണ് മുന്‍ഗണന, അല്ലാതെ മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ സര്‍ട്ടിഫിക്കറ്റിനല്ല. ഹര്‍ജിയില്‍ തന്നെ രേഖകളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ മറുപടി ആവശ്യമില്ല. കോടതി ഉത്തരവ് അനുസരിച്ച് കെട്ടിടം കൈമാറ്റം ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ മറുപടിയെങ്കില്‍ മൂന്ന് ദിവസം ജയിലില്‍ കിടന്നതിന് ആര് ഉത്തരവാദം പറയുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. തെളിവുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
ഉറവിടം കണ്ടെത്താന്‍ കസ്റ്റഡി ആവശ്യമില്ല. സര്‍ക്കാരിന് അതിന് സമയമുണ്ട്. ഐഎംഎഫ്എല്‍ കേസുകളില്‍ ജാമ്യം നല്‍കുന്നതാണ് രീതിയെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി നേരിട്ട് ഹാജരായതിനെയും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസില്‍ ഡിജിപി ഹാജരായതെന്തിനാണെന്നും സര്‍ക്കാരിന് ഈ കേസില്‍ എന്താണ് ഇത്ര താത്പര്യമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അബ്കാരി കേസില്‍ ഡിജിപി ഹാജരാകുന്നത് ആദ്യമാണല്ലോയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.


അർജൻ്റീന ടീമിൻ്റെ വരവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ചുമതലപ്പെട്ട എസ്ഐടി നടത്തിയ പരിശോധനയിൽ ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ തറവാട്ട് വീട്ടില്‍ നിന്ന് മദ്യം പിടിച്ചെന്ന ആരോപണത്തിൽ കുറ്റം ചുമത്തിയായിരുന്നു എക്സൈസ് ആൻ്റോ അഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു അറസ്റ്റെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. അര്‍ജന്റീനയുടെ വരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ ഹെഡ് ഓഫീസിലെത്തിയ എസ്ഐടി സംഘത്തിൻ്റെ 21 മണിക്കൂറോളം നീണ്ട പരിശോധനയിൽ കുറ്റകരമായത് ഒന്നും കണ്ടെത്താത്തതിന് പിന്നാലെയായിരുന്നു എക്സൈസിൻ്റെ നീക്കം.
തിരച്ചിൽ പൂർത്തിയാക്കി എസ്ഐടി സംഘം പുലർച്ചെ 2.30ഓടെ മടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം റിപ്പോർട്ടറിൻ്റെ ഓഫീസിൽ എത്തിയത്. കേസുണ്ട്, അറസ്റ്റ് ചെയ്യണം എന്ന് അറിയിച്ചതല്ലാതെ അനുബന്ധ രേഖകളൊന്നും വയനാട്ടിൽ നിന്നെത്തിയ എക്സൈസ് സംഘത്തിൻ്റെ കൈവശം ഉണ്ടായിരുന്നില്ല. എഫ്ഐആറോ മറ്റ് അനുബന്ധ രേഖകളോ കൈമാറാതെ ഏതാണ്ട് രണ്ടര മണിക്കൂർ നേരമാണ് എക്സൈസ് സംഘം ആൻ്റോ അഗസ്റ്റിനെ റിപ്പോർട്ടർ ഓഫീസിൽ തടഞ്ഞുവെച്ചത്. ഒടുവിൽ പുലർച്ചെ 4.30നായിരുന്നു എക്സൈസ് സംഘം എഫ്ഐആർ കൈമാറിയത്. ഇതിന് പിന്നാലെയായിരുന്നു ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആൻ്റോ അഗസ്റ്റിനെ ഹാജരാക്കിയിരുന്നു. കീഴ് കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ ചുമത്തിയിരുന്ന കേസിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: