കാസർകോട് : കാസർകോട് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വയോധികനെ അതി സാഹസികമായി താഴെയിറക്കി ഫയർഫോഴ്സ് സംഘം. ഒരു കൈയിൽ പെട്രോളും തലയ്ക്കു മീതെ തൂങ്ങിമരിക്കാൻ പാകത്തിൽ കുരുക്കുമായാണ് വയോധികൻ മൊബൈൽ ടവറിൽ കയറിയത്. പി കെ മോഹൻദാസ് (70) നെയാണ് കാസർകോട് ഫയർഫോഴ്സ് രക്ഷപെടുത്തിയത്. അധികാരികളിൽ നിന്നും കൈവശ ഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനാൽ 27 വർഷമായി താൻ ഓഫീസുകൾ കയറിയിറങ്ങി മടുത്തുവെന്ന് ആരോപിച്ചായിരുന്നു മോഹൻദാസിന്റെ ആത്മഹത്യാശ്രമം. വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം ഇറങ്ങാൻ കൂട്ടാക്കിയില്ല.തുടർന്ന് ഇദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനായി പരാതി പ്രിൻറ് ചെയ്തു വിതരണം ചെയ്ത പേപ്പറിലെ മൊബൈൽ നമ്പർ തപ്പിയെടുത്ത് മോഹൻദാസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ ശ്രദ്ധമാറിയെന്ന മനസിലായ തൊട്ടടുത്ത നിമിഷം സ്റ്റേഷൻ ഓഫിസറുടെ നിർദ്ദേശം പ്രകാരം എല്ലാ സുരക്ഷാ സംവിധാനവും ഉറപ്പുവരുത്തി സേനാംഗങ്ങളായ ജിജോ ജെ ബി, ശ്രീ അതുൽ രവി, ഇ പ്രസീദ്, പ്രണവ് എന്നിവർ ടവറിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി ബന്ധനസ്ഥനാക്കി. തുടർന്ന് സീനിയർ ഓഫീസർ എച്ച് ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിന്റെ മുകളിൽ കയറി മോഹൻദാസിനെ സുരക്ഷിതനായി താഴെ ഇറക്കി. ഇദ്ദേഹത്തിന് മറ്റ് ശാരീരികമായ ബുദ്ധിമുട്ടുകളോ, അവശതകളോ ഇല്ല എന്നുറപ്പാക്കിയ ശേഷം ബ ദിയടുക്ക പോലീസിന് കൈമാറി.


