തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തൽക്കാലം ധൃതിപിടിച്ച തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് നേരിട്ട് പിൻമാറാൻ കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട്.
ഇതുസംബന്ധിച്ച് പഠിച്ച് ശുപാർശ നൽകാൻ നിയോഗിച്ച നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് സമർപ്പിക്കുന്ന നടപടിയാണ് നിലവിൽ മരവിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗ് ഉൾപ്പെടെ മുന്നണിയിലെ ചില ഘടകകക്ഷികളിൽ പദ്ധതിക്കെതിരെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് തൽക്കാലം തുടർനടപടികൾ ഒഴിവാക്കാൻ ധാരണയായത്.
വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ ഉപസമിതിയിൽ മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവരാണ് അംഗങ്ങൾ. സമിതി ഇതിനകം രണ്ടുതവണ യോഗം ചേർന്നിട്ടുണ്ട്. ഒരുതവണ കൂടി യോഗം ചേർന്ന ശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യോഗം വിളിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ അടിയന്തരതയില്ലെന്നാണ് മുന്നണിതലത്തിലെ ധാരണ. ആവശ്യമായ ഘട്ടത്തിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കിയശേഷം മാത്രം വിഷയത്തിൽ തുടർനടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം.
അതേസമയം, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തമ്മിൽ ചർച്ച നടത്തി പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കാൻ അന്തിമ തീരുമാനമെടുത്തെന്ന പ്രചാരണം ശരിയല്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ സർക്കാർ തലത്തിലും കാര്യമായ പുതിയ ചർച്ചകൾ നടക്കുന്നില്ല.


