കണ്ണൂർ: കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽനിന്ന് എംഡിഎംഎ പിടികൂടി. ലഹരിവിൽപ്പന കേസുകളിൽ പ്രതികളായ റോഷ്നി സാവിയോ, റുബൈദ എന്നിവരിൽനിന്നാണ് 0.30 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
റോഷ്നി സാവിയോ ആറു ദിവസം മുമ്പും റുബൈദ രണ്ടു ദിവസം മുമ്പുമാണ് ജയിലിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ന്യൂമാഹി കോടതിയിൽ ഹാജരാക്കിയശേഷം ജയിലിൽ തിരിച്ചെത്തിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വെള്ളം കുടിക്കാൻ ഗ്ലാസ് എടുത്തപ്പോൾ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
ആറു ദിവസം മുമ്പ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽനിന്ന് 194 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശികളായ രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് റോഷ്നി ലഹരിമരുന്ന് എത്തിച്ചുനൽകിയതായി മൊഴി ലഭിച്ചത്. തുടർന്ന് ഇരിട്ടി പൊലീസ് തൃശൂരിൽനിന്ന് റോഷ്നിയെ പിടികൂടുകയായിരുന്നു. ഒരു പോക്സോ കേസിലും പ്രതിയായ റോഷ്നിയുടെ യഥാർഥ പേര് സാബിറയാണെന്ന് പൊലീസ് അറിയിച്ചു. അന്താരാഷ്ട്ര ലഹരിസംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ന്യൂമാഹിയിൽനിന്നാണ് റുബൈദയെ ലഹരിമരുന്നുമായി പിടികൂടിയത്. ആൺസുഹൃത്തിനൊപ്പം ന്യൂമാഹിയിലെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഇരുവരും എങ്ങനെയാണ് ജയിലിനുള്ളിലേക്ക് എംഡിഎംഎ കടത്തിയതെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.


