തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. അഡി. സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇരുവർക്കുമെതിരെ അഴമതി അഴിമതിനിരോധനവകുപ്പ് ചുമത്തുകയും ചെയ്തു. ഇടത് അനുഭാവിയായ അരുൺ പ്രതാപ് എന്നയാൾക്ക് ഒന്നാംറാങ്ക് കിട്ടാൻ ബോധപൂർവ്വം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.58 മാർക്കിൻ്റെ ഉത്തരങ്ങൾ അരുൺ എഴുതിയിരുന്നില്ല. അതുകൊണ്ടുതന്നെ അരുൺ ഉത്തരം എഴുതാത്ത ചോദ്യങ്ങളുടെ മൂല്യ നിർണ്ണയം നടത്തിയിരുന്നുമില്ല. പരീക്ഷയുടെ മൂല്യനിർണയത്തിൽ 54 മുതൽ 58 വരെയുള്ള മാർക്കിന്റെ ചോദ്യങ്ങൾ പരിശോധിക്കാൻ വിട്ടുപോയതാണ് വലിയ വിവാദത്തിനും പുനർമൂല്യനിർണയത്തിനും കാരണമായത്. ലിസ്റ്റിൽ ഒന്നാംറാങ്ക് ലഭിച്ച ഉദ്യോഗാർഥി ഇതിൽ 5 ചോദ്യങ്ങൾ ഉത്തരമെഴുതാതെ ഒഴിവാക്കിയെന്നും 4 ചോദ്യത്തിന് അപൂർണ ഉത്തരങ്ങളുമാണ് നൽകിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ആസൂത്രണ ബോർഡ് പരീക്ഷ ഓൺ സ്ക്രീൻ മാർക്കിംഗ് ചുമതല സതീഷിനും മേൽ നോട്ടം ഹരിക്കുമായിരുന്നു ഉണ്ടായിരുന്നത്. പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഉദ്യോഗസ്ഥറുടെ വീഴ്ച്ച കണ്ടെത്തിയിരുന്നു. അതിനിടെ, പിഎസ്‍സി പരീക്ഷാ തട്ടിപ്പിലെ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ട് പിഎസ്‍സി സമർപ്പിച്ച ഹർജി പരിഗണിക്കവെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
എന്തുകൊണ്ട് ഇതുവരെയും പ്രധാന പ്രതിയെ ചോദ്യം ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു. പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണമാണ് നടത്തുന്നതെന്നും കോടതി ആരാഞ്ഞു. കേസിൽ പി എസ് സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും കോടതി വിമർശിച്ചു. അതേസമയം, പിഎസ്‍സി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സർക്കാർ കോടതിയിൽ ആവർത്തിച്ചത്. എന്നാൽ ചട്ടപ്രകാരാമല്ല ക്രൈംബ്രാഞ്ച് അന്വേഷണമെന്നാണ് പിഎസ്‍സിയുടെ വാദം. അതേസമയം, പിഎസ്‍സിക്ക് എതിരെ ഹൈക്കോടതിയെ സമീപിച്ച ഉദ്യോഗാർത്ഥി ജയലാൽ വിഎസിനെ കോടതി കേസിൽ കക്ഷിയാക്കി. ഇതേതുടർന്ന് കേസ് പരിഗണിക്കുന്നത് മാറ്റി. മറ്റന്നാൾ (ചൊവ്വാഴ്ച)വീണ്ടും കേസ് പരിഗണിക്കും


