ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യയുടെ പരാതി; അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടത് വന്‍ കള്ളനോട്ട് ശേഖരം



    

കൊല്ലം: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടത് വന്‍ കള്ളനോട്ട് ശേഖരം.

സംഭവത്തില്‍ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര സ്വദേശി സിബിയോണിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച്‌ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് രക്ഷപ്പെട്ടെന്ന് അവകാശപ്പെട്ട് സ്റ്റേഷനില്‍ ഹാജരായ യുവാവിന്റെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലക്ഷങ്ങളുടെ പൂര്‍ത്തിയാകാത്ത കള്ളനോട്ടുകളും ഉപകരണങ്ങളും പൊലീസ് പിടികൂടിയത്.

തന്റെ ഭര്‍ത്താവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ച്‌ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ താന്‍ തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് തന്ത്രപരമായി രക്ഷപ്പെട്ടു വന്നതാണെന്ന് അവകാശപ്പെട്ട് യുവാവ് നേരിട്ട് സ്റ്റേഷനിലെത്തി. എന്നാല്‍ ഇയാളുടെ മൊഴികളിലും പെരുമാറ്റത്തിലും പൊലീസിന് കടുത്ത സംശയം തോന്നി. തുടര്‍ന്ന് ജില്ലാ ഡാന്‍സാഫ് ടീമിന്റെ സഹായത്തോടെ ഇയാളെ രഹസ്യമായി നിരീക്ഷിച്ചു.

പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യുവാവിന്റെ വീട്ടില്‍ നിന്ന് അച്ചടിച്ച്‌ പൂര്‍ത്തിയാകാത്ത 392 കെട്ട് 500 രൂപാ കള്ളനോട്ടുകളും നോട്ടുകള്‍ എണ്ണുന്നതിനായി ഉപയോഗിക്കുന്ന രണ്ട് കൗണ്ടിംഗ് മെഷീനുകളും കണ്ടെടുത്തു.

തുടര്‍ന്ന് ഇയാള്‍ അടുത്തിടെ താമസിച്ചിരുന്ന വാടകവീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും 500 കെട്ട് പൂര്‍ത്തിയാകാത്ത കള്ളനോട്ടുകള്‍, നോട്ട് അടിക്കാന്‍ ഉപയോഗിച്ച രണ്ട് കളര്‍ പ്രിന്ററുകള്‍, 4,06,000 രൂപ, 43 പവനോളം ആഭരണങ്ങള്‍, ഒരു ലക്ഷം രൂപ കൈപ്പറ്റിയതായി രേഖപ്പെടുത്തിയ പ്രോമിസറി നോട്ട് എന്നിവയും പിടിച്ചെടുത്തു. യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കള്ളനോട്ട് നിര്‍മ്മാണത്തിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും, സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തര്‍ക്കമാണോ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: