അമ്മാവൻ്റെ വീട്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച് മഹീന്ദ്ര ഥാർ വാങ്ങിയ 19കാരൻ പിടിയില്‍.
മോഷ്ടിച്ച സ്വർണം വിറ്റ് ലഭിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് യുവാവ് വാഹനം വാങ്ങിയത്. വാഹനത്തിന്റെ പൂജയ്ക്കായി സ്വർണം നഷ്ടപ്പെട്ട അമ്മാവനെ തന്നെയാണ് യുവാവ് ക്ഷണിച്ചത്. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം.
കോലാപുർ ജില്ലയിലെ പൻഹാല താലൂക്കിലെ സതാവെ ഗ്രാമവാസിയായ സമർ ചവാനാണ് പ്രതി. അമ്മാവനായ ഉമേഷിന്റെ വീടിന് സമീപമാണ് സമർ താമസിക്കുന്നത്. ഒരു മാസം മുമ്പ് അമ്മാവന്റെ വീട്ടില്‍ നിന്ന് 15 പവനോളം സ്വർണാഭരണങ്ങള്‍ യുവാവ് മോഷ്ടിച്ചെന്നാണ് ആരോപണം. തുടർന്ന് പ്രാദേശിക സ്വർണവ്യാപാരിയുടെ സഹായത്തോടെ ആഭരണങ്ങള്‍ പത്ത് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.
സ്വർണം വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സമർ പുതിയ മഹീന്ദ്ര ഥാർ വാങ്ങി. വാഹനം വീട്ടിലെത്തിച്ചതിന് പിന്നാലെ പൂജാചടങ്ങില്‍ പങ്കെടുക്കാൻ അമ്മാവനായ ഉമേഷ് ചവാനെയും ക്ഷണിച്ചു. ചടങ്ങില്‍ ധരിക്കാനായി ആഭരണങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ വിവരം ഉമേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ മാത്രമാണ് നഷ്ടപ്പെട്ടിരുന്നത്. സമീപത്ത് സൂക്ഷിച്ചിരുന്ന മുത്തശിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചിരുന്നില്ല. ഇതോടെ മോഷണത്തിന് പിന്നില്‍ കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാമെന്ന സംശയം ഉയർന്നു. രണ്ട് ദിവസം മുമ്പാണ് ഉമേഷ് ചവാൻ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെ സമർ ചവാൻ അടുത്തിടെ പുതിയ വാഹനം വാങ്ങിയ വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത്രയും വിലയുള്ള വാഹനം വാങ്ങാൻ യുവാവിന് പണം എവിടെനിന്ന് ലഭിച്ചുവെന്നതും പൊലീസ് പരിശോധിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സമർ മോഷണക്കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.
ഇതിന് പിന്നാലെ സമർ ചവാനെയും സ്വർണം വില്ക്കാൻ സഹായിച്ചെന്നാരോപിക്കപ്പെടുന്ന വ്യാപാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


