Headlines

അരിവില വീണ്ടും കുതിക്കുന്നു;താളംതെറ്റി അടുക്കള ബജറ്റ്;മട്ടക്കും ജയക്കും പൊന്നിക്കും വിലയേറുന്നു



നിത്യജീവിതച്ചെലവുകളുടെ വര്‍ധനയില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി അരിവിലയും കുതിക്കുന്നു. മട്ട, ജയ, പൊന്നി, സുലേഖ, കുറുവ തുടങ്ങിയ അരിയിനങ്ങള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ കുടുംബങ്ങളുടെ അടുക്കള ബജറ്റ് താളംതെറ്റി. ഈ വര്‍ഷം വിവിധ ഘട്ടങ്ങളിലായി കിലോഗ്രാമിന് അഞ്ചു മുതല്‍ 15 രൂപ വരെയാണ് വില വര്‍ധിച്ചത്. ഓണക്കാലത്ത് തുടങ്ങിയ വിലക്കയറ്റത്തിന് ഇപ്പോഴും ശമനമില്ല. അരി വാങ്ങാന്‍ കൂടുതല്‍ പണം കണ്ടെത്തേണ്ടിവരുന്നത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തികപ്രയാസം വര്‍ധിപ്പിക്കുകയാണ്.

സംസ്ഥാനത്ത് നിലവിലെ കണക്കുപ്രകാരം മട്ട അരിയുടെ ശരാശരി ചില്ലറവില കിലോഗ്രാമിന് 56.36 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 51.50 രൂപയായിരുന്നു. ആന്ധ്ര വെള്ളക്ക് 49.62 രൂപയും ചമ്പ അരിക്ക് 56 രൂപയുമാണ് ശരാശരി ചില്ലറവില. പാലക്കാടന്‍ ജയ അരിയുടെ വിലയും കിലോഗ്രാമിന് 53.50 രൂപയിലെത്തി. പ്രധാന അരിയിനങ്ങളുടെയെല്ലാം വില 50 രൂപ പിന്നിട്ടതോടെ കുറഞ്ഞ വിലയിലുള്ള അരി തേടേണ്ട അവസ്ഥയിലാണ് സാധാരണക്കാര്‍.
കേരളത്തിലേക്ക് പ്രധാനമായും അരിയെത്തിക്കുന്ന ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും ഉത്പാദനം കുറയുമെന്ന ആശങ്കയുമാണ് വില വര്‍ധനക്ക് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനു പുറമേ മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഇടപെടലുകളും പൂഴ്ത്തിവെപ്പും വിപണിയില്‍ വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതായും ആരോപണമുണ്ട്. മട്ട, ജയ, സുലേഖ, പൊന്നി തുടങ്ങിയ ഇനങ്ങള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ പലതവണ വില വര്‍ധിച്ചു. മസൂരി, പൊന്നി തുടങ്ങിയ അരിയിനങ്ങളുടെ മൊത്തവിലയിലും ഉയര്‍ച്ചയുണ്ടായതായി വ്യാപാരികള്‍ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: