തിരുവനന്തപുരം : കേരളത്തിന് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പുനഃസ്‌ഥാപിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്‌തമാക്കി.
2025ലും 2026 മാര്‍ച്ചിലും അനുവദിച്ച 4,068 കിലോലിറ്റര്‍ മണ്ണെണ്ണ പൂര്‍ണമായും കേരളം ഏറ്റെടുക്കാത്തതാണ് വിഹിതം വെട്ടിക്കുറയ്‌ക്കാന്‍ കാരണം. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുമായി മന്ത്രി അനൂപ് ജേക്കബ് ഡല്‍ഹിയിലെ കര്‍ത്തവ്യഭവനില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് കേന്ദ്രം നിലപാട് വ്യക്‌തമാക്കിയത്.
മുന്‍കൂര്‍ അറിയിപ്പില്ലാതെ 2026 ഏപ്രില്‍ മുതല്‍ കേരളത്തിന്റെ ത്രൈമാസ മണ്ണെണ്ണ വിഹിതം 5,676 കിലോലിറ്ററില്‍നിന്ന് 4,068 കിലോലിറ്ററായി കേന്ദ്രം കുറച്ചിരുന്നു. അനുവദിച്ച മുഴുവന്‍ മണ്ണെണ്ണയും ഏറ്റെടുക്കാതിരുന്നതിന്റെ കാരണം മുന്‍ സംസ്‌ഥാന സര്‍ക്കാര്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ലെന്നും കേന്ദ്രം അറിയിച്ചു.
തുടര്‍ന്നാണ് 2025-26 മുതല്‍ സബ്‌സിഡിയില്ലാത്ത വിഭാഗങ്ങള്‍ക്കുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം നിര്‍ത്തലാക്കിയത്. വെട്ടിക്കുറച്ച വിഹിതം പുനഃസ്‌ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനിന്നെങ്കിലും മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് അലോട്ട്‌മെന്റ് പൂര്‍ണമായും അവസാനിപ്പിക്കാതെ പ്രത്യേക അപേക്ഷയുടെ അടിസ്‌ഥാനത്തില്‍ ഒറ്റത്തവണ വിഹിതം അനുവദിക്കാനുള്ള സാധ്യത കേന്ദ്രം അറിയിക്കുകയായിരുന്നു. പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്‌ഥാനം വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ ഒറ്റത്തവണയായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഉറപ്പുനല്‍കി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, കുടിയേറ്റ തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കേരളം ഒരു പാദത്തില്‍ 5,496 കിലോലിറ്റര്‍ അധിക മണ്ണെണ്ണ വിഹിതമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ വിഹിതം ഉപയോഗിച്ച് ഏകദേശം 95.5 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓരോ പാദത്തിലും അര ലിറ്റര്‍ മണ്ണെണ്ണയാണ് വിതരണം ചെയ്യുന്നത്. ഇത് ഒരു ലിറ്ററായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രത്യേക സാഹചര്യം വിശദീകരിച്ചുള്ള അപേക്ഷ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. കൂടിക്കാഴ്‌ചയില്‍ കേന്ദ്ര പെട്രോളിയം സെക്രട്ടറി ഡോ. നീരജ് മിത്തല്‍, ഫിഷറീസ് സെക്രട്ടറി ഡോ. അഭിലക്ഷ് ലിഥി, സംസ്‌ഥാന ഭക്ഷ്യപൊതുവിതരണ സെക്രട്ടറി ഡി. ബാലമുരളി എന്നിവരും പങ്കെടുത്തു.


