Headlines

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി കോടതിയെ അറിയിച്ചതോടെ ഹൈക്കോടതി ഇതിന് അംഗീകാരം നൽകുകയായിരുന്നു.

ഇതോടെ ബസുടമകൾക്ക് വാഹനങ്ങൾക്ക് ഇഷ്ടമുള്ള നിറം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വീണ്ടും ലഭിച്ചിരിക്കുകയാണ്.
​
നേരത്തെ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ 2021-ലാണ് സുരക്ഷാ മുൻകരുതലെന്ന നിലയിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ഗതാഗത അതോറിറ്റിയുടെ പുതിയ നിർദേശപ്രകാരം ഈ ഉത്തരവ് പിൻവലിച്ചെങ്കിലും കർശനമായ നിബന്ധനകൾ ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

ബസുകൾക്ക് ഇഷ്ടമുള്ള നിറം നൽകാമെങ്കിലും, പൊതുജന ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വാഹനത്തിന്റെ ബോഡിയിൽ വലിയ ചിത്രങ്ങളോ, എഴുത്തുകളോ, ഗ്രാഫിക്സുകളോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി.

റോഡിലെ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ തരത്തിലുള്ള അലങ്കാരങ്ങളോ പരസ്യങ്ങളോ ടൂറിസ്റ്റ് ബസുകളുടെ പുറത്ത് അനുവദിക്കില്ല. നേരത്തെ ഏകീകൃത വെള്ളനിറം നടപ്പിലാക്കിയപ്പോൾ ബസുകളുടെ നിറം മാറ്റേണ്ടി വന്നതുവഴി ഉടമകൾക്കുണ്ടായ വലിയ സാമ്പത്തിക നഷ്ടവും, നിയമക്കുരുക്കുകൾ കാരണം ബസുകൾ സർവീസ് നടത്താനാവാതെ വന്ന പ്രതിസന്ധിയും വലിയ ചർച്ചയായിരുന്നു.പുതിയ തീരുമാനത്തോടെ ടൂറിസ്റ്റ് ബസ് മേഖലയ്ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: