റാഞ്ചി: മൂന്ന് മാസം ഗർഭിണിയായിരുന്ന 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍.
ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. പൂനം കുമാരിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ അറുത്തുമാറ്റിയ തലയും പോലീസ് കണ്ടെത്തി.
കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തുനിന്ന് പൂനത്തിന്റെ തല കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ പൂനത്തെ കാണാനില്ലായിരുന്നു. വ്യാഴാഴ്ച പിതാവ് പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടന്ന സ്ഥലത്തുണ്ടായിരുന്ന ചെരിപ്പില്നിന്നുള്ള മണംപിടിച്ച പോലീസ് നായ കിലോമീറ്ററുകള്‍ അകലെയുള്ള പൂനത്തിന്റെ ഭർത്താവ് കൃഷ് രവാനിയുടെ വീട്ടിലെത്തുകയും അവിടെനിന്ന് നിർണായക തെളിവുകള്‍ ലഭിക്കുകയും ചെയ്തു.
ഗിരിദിഹ് ജില്ല സ്വദേശിനിയായ പൂനത്തെ ഉപരിപഠനത്തിനായി ധൻബാദിലെ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചതായിരുന്നു. ഇവിടെവെച്ചാണ് കൃഷ് രവാനിയുമായി പ്രണയത്തിലായത്. കുടുംബങ്ങളുടെ എതിർപ്പ് അവഗണിച്ച് ഇരുവരും ഇറങ്ങിപ്പോയി വിവാഹിതരാവുകയും പിന്നീട് ബലിയാപൂരിലെ വാടകവീട്ടില്‍ താമസമാക്കുകയും ചെയ്തതായി കുടുംബം പറയുന്നു. മകന്റെ പ്രണയവിവാഹത്തോട് താല്പര്യമില്ലാതിരുന്ന കൃഷിന്റെ പിതാവ് ജയ്റാമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂനം മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്ന വിവരവും അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ തലയില്ലാത്ത മൃതദേഹവും പിന്നീട് സമീപത്തുനിന്ന് അറുത്തുമാറ്റിയ തലയും കണ്ടെത്തിയതാണ് കേസില്‍ നിർണായക വഴിത്തിരിവായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.


