ലക്‌നൗ: ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 52 വയസ്സുകാരനായ പിതാവിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോണി ബോർഡർ പ്രദേശത്താണ് സംഭവമുണ്ടായത്. ഗ്യാൻ സിംഗ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിതാവിന്റെ അറസ്റ്റ് ഉണ്ടായത്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. ഇയാൾ മകളെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം അയൽവാസിക്കെതിരെ പരാതിയും നൽകിയിരുന്നു.
മാർച്ച് 12ന് അയൽവാസിയായ ശാന്തി ദേവി കൊടുത്ത കറി കഴിച്ച് മകൾ മരിച്ചെന്നും ഭാര്യയ്‌ക്കും അഞ്ച് മക്കൾക്കും ശാരീരികാസ്വാസ്ഥ്യം ഉണ്ടായെന്നും ആരോപിച്ചാണ് ഇയാൾ പരാതി നൽകിയത്. തുടർന്ന് ശാന്തി ദേവിക്കെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) വകുപ്പ് 105 പ്രകാരം കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. ചികിത്സയ്‌ക്ക് ശേഷം ഭാര്യയും മറ്റ് കുട്ടികളും ഡിസ്ചാർജായി. മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്താൻ ഗ്യാൻ സിംഗ് വിസമ്മതിക്കുകയും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയുമായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്.
തുടർന്ന് എംഎംജി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് ഉത്തരവിട്ടു. കുട്ടി ബലാത്സംഗത്തിന് ഇരയായി ശ്വാസംമുട്ടിയാണ് മരിച്ചതെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. ഇതോടെ ലോണി ബോർഡർ പൊലീസ് ഗ്യാൻ സിംഗിനെ അറസ്റ്റ് ചെയ്‌തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. പിതാവിനെതിരെ ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരം പ്രായപൂർത്തിയാകാത്ത ഒരാളെ കൊലപ്പെടുത്തിയതിനും ബലാത്സംഗം ചെയ്തതിനും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഇയാളുടെ ഫോൺ പോലീസ് പിടിച്ചെടുത്തു
