മുംബൈ: 2006 ലെ മാലേഗാവ് സ്ഫോടനക്കേസിലെ നാല് പ്രതികളെ ബോംബെ ഹൈക്കോടതി ബുധനാഴ്ച കുറ്റവിമുക്തരാക്കി. രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നിവരെയാണ് വെറുതെ വിട്ടത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികൾക്കെതിരെ എൻഐഎ പ്രത്യേക കോടതി ചുമത്തിയ കുറ്റങ്ങൾ റദ്ധാക്കിയത്
2019 ജൂൺ മുതൽ ഇവർ ജാമ്യത്തിലായിരുന്നു. കേസിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ ഏജൻസിക്ക് വീഴ്ച സംഭവിച്ചു എന്ന് നിരീക്ഷിച്ചാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. വിധിയുടെ പൂർണരൂപം വൈകാതെ പുറത്തുവരും.
2006 സെപ്റ്റംബർ 8ന് വെള്ളിയാഴ്ച നമസ്കാരത്തിന് തൊട്ടുപിന്നാലെ മാലേഗാവിലെ ഹമീദിയ മസ്ജിദിന് സമീപമാണ് സ്ഫോടനം നടന്നത്. ഈ സംഭവത്തിൽ 37 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന കേസ് അന്വേഷിക്കുകയും ഒമ്പത് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഏകദേശം അഞ്ച് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇവർക്ക് 2011ലാണ് ജാമ്യം ലഭിച്ചത്. പിന്നീട്, ഇവർക്കെതിരെ യാതൊരു തെളിവുകളുമില്ലെന്നും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് 2016ൽ പ്രത്യേക കോടതി ഈ ഒമ്പത് പേരെയും കുറ്റവിമുക്തരാക്കി വെറുതെ വിട്ടിരുന്നു.
മറ്റ് പല സ്ഫോടനക്കേസുകളിലും പ്രതിയായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മാലേഗാവ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. പള്ളിക്ക് സമീപം സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചത് തീവ്ര വലതുപക്ഷ സംഘടനകളാണെന്ന അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുത്തു. ഇതിന് പിന്നാലെയാണ് രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നീ നാല് പേരെ എൻഐഎ അറസ്റ്റ് ചെയ്തത്.
എന്നാൽ, ഇവരെ പ്രതിപ്പട്ടികയിൽ നിലനിർത്താൻ പര്യാപ്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിൽ അന്വേഷണ സംഘത്തിന് വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന് കോടതി പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വർഷം ജനുവരിയിൽ, അവരുടെ ഹർജികൾ സ്വീകരിക്കുമ്പോൾ, പ്രഥമദൃഷ്ട്യാ ഇടപെടൽ സാധ്യമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തു. തങ്ങൾക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ എൻഐഎ പരാജയപ്പെട്ടുവെന്ന് പ്രതികൾ അവരുടെ ഹർജികളിൽ വാദിച്ചു


