ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന ആവശ്യം ചില നേതാക്കൾ ഉയർത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് പ്രതികരിക്കുന്നതെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു.
സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും ജില്ലയിലെ കനത്ത തോൽവിക്ക് കാരണമായെന്ന വിലയിരുത്തലാണ് യോഗത്തിൽ ശക്തമായി ഉയർന്നത്. മുതിർന്ന നേതാവ് ജി സുധാകരനെ മത്സരിപ്പിക്കാതിരുന്നതിനെയും ചില നേതാക്കൾ വിമർശിച്ചു. സുധാകരനെ സ്ഥാനാർഥിയാക്കിയിരുന്നുവെങ്കിൽ ജില്ലയിലെ സാഹചര്യം വ്യത്യസ്തമായേനെയെന്നും സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
പാർട്ടിക്കുള്ളിലെ വിഭാഗീയതയും നേതൃത്വത്തിന്റെ രാഷ്ട്രീയ സമീപനങ്ങളും പരാജയത്തിന് ആക്കം കൂട്ടിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മുമ്പ് സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉയരാത്ത സാഹചര്യത്തിൽ, ഇപ്പോൾ വിവിധ ജില്ലാ യോഗങ്ങളിൽ തന്നെ പിണറായി വിജയൻ, എം വി ഗോവിന്ദൻ എന്നിവർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നത് പാർട്ടിക്കുള്ളിലെ അസ്വസ്ഥത വർധിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ജി. സുധാകരനെ ഒന്നുകിൽ പാർട്ടിയിൽ നിന്ന് ആദ്യഘട്ടത്തിൽ തന്നെ പുറത്താക്കണമായിരുന്നു അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ അദ്ദേഹം പാർട്ടി വിടുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമായിരുന്നു എന്നും വിമർശനമുയർന്നു.


