തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളിൽ 268 പേർക്കും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നിരീക്ഷണ എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് ഫോംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച 62 ശതമാനത്തോളം സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ക്രിമിനൽ കേസുള്ള 268 പേരിൽ 241 പേരുടെ കാര്യത്തിൽ പാർട്ടികൾ ഫോർമാറ്റ് C7 വിശദീകരണം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ക്രിമിനൽ കേസുകകളുള്ള വ്യക്തികളെ സ്ഥാനാർഥികളായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങളും അത്തരം വ്യക്തികളെ സ്ഥാനാർഥികളായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഫോർമാറ്റാണ് C7. 159 സ്ഥാനാർത്ഥികൾ ഗൗരവമായ കുറ്റകൃത്യങ്ങളുടെ പേരിൽ ക്രിമിനൽ കേസ് ഉള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗൗരമുള്ള ക്രിമിനൽ കേസ് ഉള്ളവരിൽ 147 പേരെക്കുറിച്ച് പാർട്ടികൾ ഫോർമാറ്റ് C7 വിശദീകരണം നൽകിയിട്ടുണ്ട്. എന്നാൽ 27 സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇവരുടെ ക്രിമനൽ പശ്ചാത്തലത്തെ കുറിച്ചോ എന്ത് കൊണ്ടാണ് അവരെ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുത്തത് എന്നതിലോ വിശദീകരണം നൽകിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം കേസുകൾ ഉള്ളത് ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. 243 കേസുകളാണ് സുരേന്ദ്രനെതിരെ ഉള്ളത്. 87 കേസുകളുള്ള വാമനപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി സുധീർഷ പാലോടാണ് പട്ടികയിൽ രണ്ടാത്. 68 കേസുകളുള്ള മന്ത്രി ഒ ജെ ജനീഷാണ് മൂന്നാമത്.
പെൻ്റിങ് ക്രിമിനൽ കേസുകളോ സിവിൽ കേസുകളോ ഇല്ലാത്തതായി ആറ് പേരാണ് ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നത്. മന്ത്രി കെ എ തുളസി, കോഴിക്കോട് നോർത്തിൽ മത്സരിച്ച സിപിഐഎം സ്ഥാനാർത്ഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ, ഏറനാട് മണ്ഡലത്തിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി അഡ്വ. ഷഫീർ കിഴിശ്ശേരി, കയ്പമംഗലം എംഎൽഎ കെ കെ വത്സരാജ്, കൊടുങ്ങല്ലൂരിൽ മത്സരിച്ച സിപിഐ സ്ഥാനാർഥി അഡ്വ. വി ആർ സുനിൽ കുമാർ, ഏറ്റുമാനൂരിൽ നിന്ന് മത്സരിച്ച സിപിഐഎം സ്ഥാനാർത്ഥി വി എൻ വാസവൻ എന്നിവരാണ് പെൻ്റിങ് കേസുകളൊന്നും ഇല്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.


