ജയ്പൂര്‍ : വാടക കൊലയാളികളെ ഏർപ്പെടുത്തി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ നിയമവിദ്യാര്‍ഥിനി പൊലീസ് കസ്റ്റഡിയില്‍. ജയ്പൂര്‍ കോടതിയിലെ ക്ലര്‍ക്കായിരുന്ന നീരജ് ശര്‍മയുടെ മരണവുമായി ബന്ധപ്പെട്ടാണ് മകള്‍ ആയുഷി പിടിയിലായത്. പ്രതി അവസാനവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ്. അമ്മയുടെ ജോലി തട്ടിയെടുക്കാനും സ്വത്ത് കൈക്കലാക്കാനുമായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് 3നാണ് എസ്യുവി ഇടിച്ച് നീരജ് ശര്‍മ മരിച്ചത്. പിന്നാലെയാണ് അമ്മയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് മകള്‍ പിടിയിലായത്.
കോര്‍ട്ട് മാസ്റ്ററായിരുന്ന ഭര്‍ത്താവ് വിജയ് ശര്‍മയുടെ മരണത്തിന് പിന്നാലെയാണ് നീരജ് ശര്‍മയ്ക്ക് കോടതിയില്‍ ആശ്രിതനിയമനമായി ജോലി ലഭിച്ചത്. നീണ്ടകാലമായി അസുഖബാധിതനായിരുന്നു വിജയ് ശര്‍മ. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിലും ആയുഷി തന്നെയാകാമെന്നാണ് യുവതിയുടെ അമ്മാവന് ഇപ്പോള്‍ ആരോപിക്കുന്നത്.
ബന്ധുവും കാമുകനുമായ ബല്‍റാമിന്റെ സഹായത്തോടെയാണ് ആയുഷി വാടക കൊലയാളികളെ സമീപിച്ചത്. ഏഴ് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്തു. അമ്മയുടെ കൊലപാതകം റോഡ് അപകടമായി വരുത്തിത്തീര്‍ക്കാന്‍ ആയിരുന്നു ആയുഷിയുടെ ശ്രമം.
ബല്‍റാമും ആയുഷിയും ചേര്‍ന്ന് സ്ട്രോക്ക് വന്ന് തളര്‍ന്ന വിജയ് ശര്‍മയെ അജ്ഞാതമായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അമ്മാവന് രാകേഷ് ശർമ്മ പറയുന്നു. മൂന്നുമാസത്തോളം അദ്ദേഹത്തിന്റെ ചികിത്സയെ കുറിച്ച് ആര്‍ക്കും അറിവില്ലായിരുന്നു എന്നും രാകേഷ് പറയുന്നു. നീരജിന്റെ നിരന്തരമായ ചോദ്യം ചെയ്യലില്‍ പിതാവിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആയിരുന്നു ആയുഷിയുടെ മറുപടി. പിന്നീട് വിജയ് ശര്‍മയെ കുടുംബം തിരികെ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ അവയവങ്ങളെല്ലാം പ്രവര്‍ത്തനരഹിതമായി കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും രാകേഷ് ചൂണ്ടിക്കാട്ടുന്നു.
പിതാവിന് ഭക്ഷണം നല്കുന്ന ട്യൂബ് ആയുഷി നീക്കം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചതെന്നും അമ്മാവന് പറയുന്നു. രാകേഷിന്റെ ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ആയുഷിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
നീരജിന്റെ കൊലപാതകത്തില്‍ സഹായിയായ ബല്‍റാമിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. നീരജിന്റെ മരണത്തില്‍ ബല്‍റാമിന്റെ പിതാവ് മോഹനും പങ്കുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മൂന്നുപേരും ചേര്‍ന്ന് കുടുംബസ്വത്തുക്കള്‍ വീതിച്ചെടുക്കാമെന്നാണ് തീരുമാനിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.ബല്‍റാമുമായി ആയുഷി പ്രണയിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് അമ്മയെ ആക്രമിച്ച ആയുഷി, പിന്നീട് ബല്‍റാമിനും അയാളുടെ പിതാവിനുമൊപ്പമാണ് താമസിച്ചിരുന്നത്.
ഇളയമകനെ കോച്ചിങ് സെന്ററിലാക്കിയ ശേഷം മടങ്ങുമ്പോഴാണ് അമിതവേഗതയിലെത്തിയ സ്കോര്‍പ്പിയോ നീരജിനെ ഇടിച്ച് തെറിപ്പിച്ചത്. ഒരു മാസം മുമ്പും വാടക കൊലയാളികൾ നീരജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ഗതാഗത കുരുക്കുമൂലം ശ്രമം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ കൊലയാളികളായ ഹേമന്ത്, ആകാശ്, മോഹിത്, അരവിന്ദ്, രോഹിത്ത് എന്നിവരും പിടിയിലായിട്ടുണ്ട്. ബല്‍റാമിനായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി.


