ജെയ്ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുമായ മസൂദ് അസ്ഹറിനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ‘റെഡ് ബുക്കിൽ’ ഉൾപ്പെടുത്തി പാകിസ്താൻ. മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള ഇനാം തുക 20 ലക്ഷം പാകിസ്താനി രൂപ വർദ്ധിപ്പിച്ച് 70 ലക്ഷം രൂപയായി ഉയർത്തി. ഭീകരവാദത്തിനെതിരെയുള്ള നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് മേൽ ശക്തമായ സമ്മർദ്ദം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം.
മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്നാണ് പാകിസ്താൻ ഔദ്യോഗികമായി വാദിച്ചിരുന്നതെങ്കിലും ഇയാൾ പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുള്ള നവാബ്ഷായിൽ തങ്ങുന്നുണ്ടെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. പാകിസ്താൻ കേന്ദ്രീകരിച്ച് തന്നെയാണ് അസ്ഹർ ഇപ്പോഴും പ്രവർത്തിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.
അന്താരാഷ്ട്ര ഏജൻസികളുടെയും സാമ്പത്തിക ഉപരോധങ്ങളുടെയും കണ്ണിൽ പൊടിയിടാനുള്ള തന്ത്രപരമായ നീക്കമായാണ് ഇന്ത്യ ഈ നടപടിയെ കാണുന്നത്. മുൻപും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഭീകര സംഘടനകളുടെ പ്രവർത്തനം തടയാൻ പാകിസ്താൻ തയ്യാറായിട്ടില്ല. റെഡ് ബുക്കിൽ ഉൾപ്പെടുത്തിയതിലൂടെ പാകിസ്താന്റെ സ്വന്തം നിയമസംവിധാനത്തിന് മുന്നിൽ അസ്ഹർ ഒളിവിലുള്ള കുറ്റവാളിയായി മാറുമെങ്കിലും ഇയാൾക്കെതിരെ യഥാർത്ഥത്തിൽ എന്ത് നടപടിയുണ്ടാകുമെന്നതിൽ സംശയം നിലനിൽക്കുകയാണ്.

