മണ്ണാര്‍ക്കാട്: വാഹനപരിശോധനയ്ക്കിടെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മലപ്പുറം തിരൂര്‍ മുത്തൂര്‍ വലിയ പീടികേക്കല്‍ വീട്ടില്‍ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്. ആറുലക്ഷത്തോളം രൂപ വിലവരുന്ന 198 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു പരിശോധന
ശനിയാഴ്ച രാത്രി പതിനൊന്നോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ 55-ാം മൈലില്‍ വെച്ചാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്, സി.ഐ. ബഷീര്‍ ചിറയ്ക്കല്‍, എസ്.ഐ. സദാശിവന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി പിടിയിലായത്.
വാഹനപരിശോധനയ്ക്കിടെ കാറില്‍വന്ന മുഹമ്മദ് സിദ്ദീഖ് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. ഇതോടെ പോലീസ് കാറിനെ പിന്തുടര്‍ന്നു. നാട്ടുകല്‍ സ്റ്റേഷന് 200 മീറ്റര്‍ അകലെവെച്ച് കാറിനെ മറിടന്ന പോലീസ് വാഹനം റോഡിനു കുറുകെ നിര്‍ത്തി കാര്‍ തടയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടിച്ചെടുത്തത്.
സമാനമായ കേസില്‍ അഞ്ചുമാസം മുന്‍പ് നാട്ടുകല്‍ പോലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്ന് കച്ചവടത്തിനിടെയാണ് അറസ്റ്റിലായത്

