ന്യൂഡല്‍ഹി: നേതാക്കള്‍ 75 വയസ്സായാല്‍ വിരമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാഷ്ട്രീയനേതാക്കള്‍ 75 വയസ് കഴിഞ്ഞാല്‍ സന്തോഷത്തോടെ വഴിമാറണം. മറ്റുള്ളവര്‍ക്ക് അവസരം നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ അന്തരിച്ച ആര്‍എസ്എസ് സൈദ്ധാന്തികന്‍ മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രായപരിധി സംബന്ധിച്ച മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
75 വയസ്സ് തികയുമ്പോള്‍ നിങ്ങളെ ഷാള്‍ നല്‍കി ആദരിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ക്ക് വയസ്സായി, മാറിക്കൊടുത്ത് മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുക എന്ന് മോറോപന്ത് പിംഗ്ലെ പറഞ്ഞത് മോഹന്‍ ഭാഗവത് ഓര്‍മ്മപ്പെടുത്തി. രാഷ്ട്രസേവനത്തോടുള്ള സമര്‍പ്പണം ഉണ്ടായിരുന്നിട്ടും, പ്രായമായി എന്ന് തിരിച്ചറിഞ്ഞ് മാന്യമായി പിന്മാറണമെന്നതില്‍ മൊറോപാന്ത് വിശ്വസിച്ചിരുന്നുവെന്ന് ആര്‍എസ്എസ് മേധാവി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മോഹന്‍ ഭാഗവതിനും ഈ സെപ്റ്റംബറില്‍ 75 വയസ്സ് തികയുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശം നരേന്ദ്രമോദിക്കുള്ള സന്ദേശം ആണെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോള്‍ മോദി വിരമിക്കാന്‍ നിര്‍ബന്ധിച്ചു. ഇപ്പോള്‍ നരേന്ദ്രമോദി അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് കണ്ടറിയാമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
ബിജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയും രംഗത്തെത്തി. പ്രവൃത്തിപഥത്തില്‍ കാണിക്കാതെ വാചകമടിക്കുന്നത് എപ്പോഴും അപകടമാണ്. മാര്‍ഗദര്‍ശക് മണ്ഡലിന്റെ പേരില്‍ 75 വയസ് കഴിഞ്ഞവരെ നിര്‍ബന്ധിതമായി മാറ്റിനിര്‍ത്തുന്നത് ഒട്ടും അനുയോജ്യമല്ല. പക്ഷെ നിലവിലെ സംവിധാനത്തിന് ഈ നിയമം ബാധകമാകില്ലായിരിക്കും. പറയാതെ ചെയ്തുകാണിക്കുകയാണ് വേണ്ടത്. നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോയെന്നും കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി ചോദിച്ചു. സെപ്റ്റംബർ 17 നാണ് നരേന്ദ്രമോദിക്ക് 75 വയസ്സ് തികയുന്നത്.
