നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു. പ്രതി 2017 ൽ ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജിൽ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നൽകി പീഡിപ്പിക്കുകയും നഗ്ന വീഡിയോകൾ എടുക്കുകയും ചെയ്തിരുന്നു. ചതി മനസിലാക്കിയതോടെ യുവതി ഇയാളെ അവഗണിച്ചു. എന്നാൽ വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിനാൽ യുവതിയുടെ നഗ്ന വീഡിയോകൾ വീട്ടുകാർക്ക് അയച്ചു കൊടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്

