പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി കാറും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

മംഗളൂരു: പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരിയെ തടഞ്ഞുനിർത്തി കാറും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ പതിരിയാട് സ്വദേശി ആർ.കെ നിമിൽ (37), മടിക്കേരി സ്വദേശികളായ ഇർഷാദ് (40), മുസ്‌തഫ (49) എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. ജൂൺ 29ന് പുലർച്ചെ 2.45 മണിയോടെ മംഗളൂരു ബൈക്കംപാടിയിലെ ദേശീയപാതയിലാണ് സംഭവം. ജൂൺ 29ന് പുലർച്ചെ മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് കുടുംബത്തോടൊപ്പം സ്വിഫ്റ്റ് ഡിസയർ കാറിൽ എൻ.എച്ച്-66 വഴി യാത്ര ചെയ്യുകയായിരുന്നു വികാസ് സുബ്ബറാവു ധനവാഡെ(44) ബൈക്കംപാടിക്ക് സമീപമെത്തിയപ്പോൾ രണ്ട് ഇന്നോവ കാറുകളിലും ഒരു സ്വിഫ്റ്റ് കാറിലുമായി എത്തിയ മുഖംമൂടി സംഘം ഇവരെ തടഞ്ഞുനിർത്തുകയും വാളുകൾ കാണിച്ച് വികാസിനെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് വികാസിന്റെ ഭാര്യയും മകനുമുണ്ടായിരുന്ന കാർ സംഘം തട്ടിയെടുക്കുകയും കുറച്ചുദൂരം സഞ്ചരിച്ച ശേഷം ഇവരെ ഇറക്കിവിടുകയും ചെയ്‌തു.

ഏകദേശം 20 ലക്ഷം രൂപ ഗ്രാമോളം വിലമതിക്കുന്ന 180 സ്വർണ്ണാഭരണങ്ങൾ, 10,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകൾ, 3 ലക്ഷം രൂപ വിലമതിക്കുന്ന കാർ എന്നിവയാണ് സംഘം തട്ടിയെടുത്തത്. സംഭവത്തിൽ പനമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.

അന്വേഷണത്തിനിടെ കൊള്ളയടിക്കപ്പെട്ട മാരുതി ഡിസയർ കാർ ജൂൺ 30㎡ ബണ്ട്വാളിലെ പചിനഡ്കയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത നിലയിൽ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ചാലയിൽ വെച്ചാണ് ആർ.കെ നിമിലിനെ കർണാടക പൊലീസ് പിടികൂടിയത്. അതേ ദിവസം തന്നെ പ്രതികളെ സഹായിക്കുകയും ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കുകയും ചെയ്‌തതിന് മടിക്കേരി പൊന്നംപേട്ടയിൽ നിന്ന് ഇർഷാദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യപ്രതിക്ക് കാർ നൽകിയും ഒളിത്താവളം ഒരുക്കിയും സഹായിച്ച മറ്റൊരു പ്രതിയായ മുസ്ത‌ഫയെ മടിക്കേരി താലൂക്കിലെ മുർനാട് ജംഗ്ഷനിലുള്ള ലയൺസ് ക്ലബ്ബിന് സമീപത്തെ ബസ് സ്റ്റാന്റിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 14 പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളാണെന്നും മറ്റ് രണ്ടുപേർ സഹായവും ഒളിത്താവളവും ഒരുക്കി നൽകിയെന്നും പ്രാഥമികാഅന്വേഷണത്തിൽ വ്യക്തമായി.

അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതി റിമാണ്ട് ചെയ്‌തു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: