തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന്
കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്.
സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടത്. ‘തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയടക്കമുള്ള ജില്ലകളിലെ സഹപ്രവർത്തകരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. അബിഗേൽ സാറ മോളെ കണ്ടെത്തുവാനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കുവാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കുക. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, വിജനമായ പ്രദേശങ്ങൾ, വഴികൾ, സംശയാസ്പദമായ വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണം നടത്തി പൊലീസിനെ വിവരം അറിയിക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്.
