പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളും ഇത്തരം കേസുകളിൽ സ്വീകരിക്കുന്ന നടപടികളും സംബന്ധിച്ച് സംസ്ഥാനത്ത് ചർച്ചകൾ ശക്തമാകുന്നതിനിടെ, കോഴിക്കോട് മേപ്പയൂരിൽ സ്കൂട്ടർ അപകടത്തിൽ മരിച്ച 16 വയസ്സുകാരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.
ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത മകനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചെന്നാരോപിച്ചാണ് നടപടി. കൊയിലാണ്ടിക്കു സമീപം ഇരിങ്ങത്ത് സ്വദേശിയായ അജൽ പ്രവീണാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജൽ, ചൊവ്വാഴ്ച അർധരാത്രിയോടെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്കൂട്ടറിന്റെ ഉടമയായ പിതാവ് പ്രവീൺ (50) ആണ് കേസിലെ പ്രതി.
ചൊവ്വാഴ്ച രാത്രി 9.30ഓടെ മേപ്പയൂരിലെ നരക്കോട് ജംക്ഷനു സമീപം മടത്തിൽകുളങ്ങരയിലായിരുന്നു അപകടം. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന അജലിനും മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. വീട്ടിൽനിന്ന് സ്കൂട്ടർ എടുത്ത് സുഹൃത്തുക്കൾക്കൊപ്പം ജിമ്മിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവുനായയെ സ്കൂട്ടർ ഇടിച്ചതാകാമെന്ന് ചില നാട്ടുകാർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ, അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. “റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവുനായയെ സ്കൂട്ടർ ഇടിച്ചതായി ചില നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം അന്വേഷിച്ചുവരികയാണ്,” മേപ്പയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ 281, 106(1), 125(b) വകുപ്പുകൾക്കും 1988ലെ മോട്ടോർ വാഹന നിയമത്തിലെ 199A(1), 199A(2), 5, 180, 4, 181 വകുപ്പുകൾക്കും കീഴിലാണ് പ്രവീണിനെതിരെ കേസെടുത്തത്.


