അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തീരുമാനം പ്രഖ്യാപിച്ചു. നേരത്തെ സെക്രട്ടറിയായി നിയമിച്ച അനിൽ ഇനി ദേശീയ വക്താവും തുടരും.
നേരത്തെ ബിജെപിയിൽ സജീവമാകുന്നതിന് മുന്നോടിയായി അനിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനിൽ ആന്റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തിൽ അനിൽ ആന്റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു. അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്കും എ കെ ആന്റണിക്ക് നാണക്കേടുണ്ടാക്കി എന്നതിൽ സംശയമില്ലെങ്കിലും രാഷ്ട്രീയമായ നഷ്ടം ഉണ്ടാകില്ലെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. ആന്റണിയുടെ മകൻ എന്നതിനപ്പുറം അനിലിന് പ്രത്യേകിച്ചൊരു സ്വാധീനവും പാർട്ടിയിൽ ഇല്ല .
