Headlines

നെന്മാറ ഇരട്ടകൊലപാതകം സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി

പാലക്കാട്: നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ലക്ഷ്മിയമ്മയുടെ സംസ്കാരം നെന്മാറ വാക്കാവ് ശാന്തിഗൃഹം ശ്മശാനത്തിലും, സുധാകരന്റെ മൃതേദഹം എലവഞ്ചേരിയിലെ ശ്മശാനത്തിലുമാണ് സംസ്കരിച്ചത്. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ സഹോദരങ്ങളും മക്കളും അലമുറയിട്ട് പൊട്ടിക്കരയുന്ന കാഴ്ച കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. സുധാകരന്റെ പെൺമക്കളായ അതുല്യയുടെയും അഖിലയുടെയും കരച്ചിൽ കണ്ടുനിൽക്കാൻ കഴിയാത്ത വിധം സങ്കടകരമായിരുന്നു.


ഇന്നലെ രാവിലെയാണ് കൊലക്കേസ് പ്രതിയായ ചെന്താമര ഇരുവരെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ചെന്താമര ജാമ്യത്തിലിറങ്ങിയ സമയത്താണ് അരുംകൊല ചെയ്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പ്രദേശത്തെ മുക്കും മൂലയും അരിച്ചുപെറുക്കിയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതി നേരത്തെ ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്. ഇതുവരെയുള്ള തെരച്ചിലിൽ പ്രതിയെ കണ്ടെത്താനായിട്ടില്ലെന്ന് പാലക്കാട് എസ്പി പറഞ്ഞു. തെരച്ചിലിനായി നാളെ കെഡാവർ നായ്ക്കളെ എത്തിക്കും. അതിനിടെ കോഴിക്കോട് തിരുവമ്പാടിയിൽ ചെന്താമരയുടെ മൊബൈൽ ഓണായതായി വിവരം ലഭിച്ചിരുന്നു. ഇവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

125 പേരടങ്ങുന്ന പൊലീസ് സംഘവും നാട്ടുകാരും ചേർന്നാണ് അന്വേഷണം. പ്രതിയുടെ ആത്മഹത്യാസാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ പ്രതി ചെന്താമരയുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ കൊലപ്പെടുത്താനുപോയോഗിച്ച കൊടുവാളും ഒപ്പം പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: