ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്ദറിലെ വിദ്യാര്‍ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മോഹന്‍ലാലിന്റെ മകളും നടിയുമായ വിസ്മയ മോഹന്‍ലാല്‍. ജനാധിപത്യ രാജ്യത്തില്‍ ചോദ്യം ചെയ്യാനും ശബ്ദമുയര്‍ത്താനും അവകാശമുണ്ട്. നാളെ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇത്തരം നടപടികളോട് തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും വിസ്മയ വ്യക്തമാക്കി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കാനും പറയാനുള്ളത് കേള്‍ക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങള്‍ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും നാളെയും ഇക്കാര്യങ്ങള്‍ സംഭവിച്ചാല്‍ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.’ വിസ്മയയുടെ വാക്കുകള്‍.
കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനെതിരായ പോലിസ് നടപടിയെ അപലപിച്ച് വിസ്മയ രംഗത്തെത്തിയിരുന്നു. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. ചര്‍ച്ചകള്‍ക്കുപകരം, ആവശ്യങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയാണെങ്കില്‍ നമ്മളോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മള്‍ പോവുന്നതെന്ന് ചോദിക്കണം. സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പോസ്റ്റിലുണ്ടായിരുന്നു.
പിന്നാലെ, വിസ്മയയ്ക്ക് സാമൂഹികമാധ്യങ്ങളില്‍ വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. കേന്ദ്രസര്‍ക്കാരിനേയും ഭരണകക്ഷിയേയും അനുകൂലിക്കുന്നവര്‍ രൂക്ഷഭാഷയിലാണ് വിസ്മയക്കെതിരെ പ്രതികരിച്ചത്. സംവിധായകന്‍ മേജര്‍ രവിയും പ്രതികരണവുമായി രംഗത്തെത്തി.
വിയറ്റ്നാമില്‍ ജനിച്ചുവളര്‍ന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജര്‍ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലിസ് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നതു കണ്ടപ്പോള്‍ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജര്‍ രവി പറഞ്ഞിരുന്നു.


